ഇടുക്കി: നെടുങ്കണ്ടം കല്ലാര്‍ ഡാം ക്യാച്ച്‌മെന്‍റ് ഏരിയയില്‍ ഭൂമി കയ്യേറ്റം. ക്ഷീര കര്‍ഷകര്‍ക്ക് ഭൂമി പാട്ടത്തിന് നല്‍കാതെ ഉദ്യാഗസ്ഥര്‍ പണം കൈപറ്റി സ്ഥലം ചില വ്യക്തികള്‍ക്ക് പുല്ല് വളര്‍ത്തുന്നതിനായി നല്‍കുന്നു എന്നാണ് ആരോപണം. ഡാമിന്‍റെ ഉള്‍ഭാഗത്ത് ഉള്‍പ്പടെയാണ് സ്വകാര്യ വ്യക്തികള്‍ പുല്ല് കൃഷി നടത്തിവരുന്നത്.
നെടുങ്കണ്ടം കല്ലാര്‍ ഡാം ക്യാച്ച്‌മെന്‍റ് ഏരിയയില്‍ ഭൂമി കയ്യേറ്റം - Nedunkandam
കെഎസ്ഇബി ജീവനക്കാരുടെ ഒത്താശയോടെയാണ് ഭൂമി കയ്യേറ്റമെന്നാണ് ആരോപണം
ഇടുക്കി പദ്ധതിയുടെ ഡൈവേര്‍ഷന്‍ ഡാമാണ് കല്ലാര്‍. വേനലില്‍ ഡാമിലെ ജലനിരപ്പ് കുറഞ്ഞതോടെയാണ് കയ്യേറ്റം വ്യാപകമായത്. ക്യാച്ച്‌മെന്‍റ് ഏരിയ, ഡാമില്‍ നിന്നും വെള്ളം തിരിച്ച് വിടുന്ന തുരങ്കത്തിന്‍റെ സമീപ പ്രദേശങ്ങള്‍, കല്ലാര്‍ പാലത്തിന്‍റെ താഴ്ഭാഗം, നിര്‍ദിഷ്ട നെടുങ്കണ്ടം മിനി വൈദ്യുതി ഭവനായുള്ള സ്ഥലം എന്നിവിടങ്ങളിലെല്ലാം കയ്യേറ്റം വ്യാപകമാണ്. കെഎസ്ഇബി അധികൃതരുടെ അനുമതിയോടെയാണ് കയ്യേറ്റം നടക്കുന്നതെന്നാണ് ആരോപണം.
കയ്യേറിയ ഭൂമിയില്‍ നടുന്ന പുല്ല് 25,000 മുതല്‍ ഒരു ലക്ഷം രൂപയ്‌ക്ക് വരെയാണ് ക്ഷീര കര്‍ഷകര്‍ക്ക് വില്‍ക്കുന്നത്. തുകയുടെ നല്ലൊരു ശതമാനവും കെഎസ്ഇബി ഉദ്യോഗസ്ഥര്‍ കമ്മീഷനായി കൈക്കലാക്കുന്നതായും ആരോപണം ഉണ്ട്. കൈയേറ്റക്കാരില്‍ ചിലര്‍ ഭൂമി വേലി കെട്ടി പോലും തിരിയ്ക്കാറുണ്ട്. പുല്ല് കൃഷി നടത്താന്‍ വിട്ടുകൊടുക്കാവുന്ന സ്ഥലം നിജപെടുത്തുകയും ക്ഷീര കര്‍ഷകര്‍ക്ക് പാട്ടത്തിന് ഭൂമി വിട്ടു നല്‍കുകയും ചെയ്യണമെന്നാണ് ആവശ്യം. സംഭവത്തില്‍ അടിയന്തരമായി നടപടി സ്വീകരിക്കുമെന്ന് ഡാം വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.