ഇടുക്കി: ഹൈറേഞ്ചിലെ പ്രധാന പട്ടണമായ നെടുങ്കണ്ടം നേരിടുന്ന പ്രധാന വെല്ലുവിളിയാണ് പാര്‍ക്കിങ് സൗകര്യങ്ങളുടെ അപര്യാപ്‌തത. റോഡിന്‍റെ ഇരുവശത്തുമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് ഗതാഗത കുരുക്കിന് വഴിവയ്ക്കുകയാണ്. പാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്തുന്നതിനും മറ്റ് വികസനപ്രവര്‍ത്തനങ്ങള്‍ക്കുമായി, ടൗണില്‍ പ്രവര്‍ത്തിയ്ക്കുന്ന മൃഗാശുപത്രിയുടെ സ്ഥലം ഏറ്റെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഒരേക്കറോളം വരുന്ന സ്ഥലത്താണ് മൃഗാശുപത്രിയും ജീവനക്കാര്‍ക്കായുള്ള അനുബന്ധ കെട്ടിട സൗകര്യങ്ങളും പ്രവര്‍ത്തിയ്ക്കുന്നത്. നെടുങ്കണ്ടം ടൗണിനോട് ചേര്‍ന്ന് മൃഗാശുപത്രി മാറ്റി സ്ഥാപിയ്ക്കുന്നതിനാവശ്യമായ സര്‍ക്കാര്‍ ഭൂമി ലഭ്യമാണ്.
അനുയോജ്യമായ സ്ഥലം കണ്ടെത്തി ആശുപത്രി മാറ്റിയാല്‍ നിലവിലെ സ്ഥലം വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാനാവും. ഇവിടെ ഷോപ്പിംഗ് കോംപ്ലക്‌സുകളോ മറ്റ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളോ നടത്താനും സാധിയ്ക്കും.
Also read: വാട്‌സആപ്പ് വഴി കഞ്ചാവ് വില്‌പന; രണ്ട് പേർ പൊലീസ് പിടിയിൽ
ടൗണില്‍ നിന്ന് മൃഗാശുപത്രി മാറ്റിയാല്‍ കര്‍ഷകര്‍ക്ക് വളര്‍ത്തുമൃഗങ്ങളുമായി ടൗണില്‍ എത്തുന്നതും ഒഴിവാക്കാനാവും. മൃഗാശുപത്രിയുടെ സ്ഥലം ഏറ്റെടുക്കണമെന്നും അനുയോജ്യമായ മറ്റ് സ്ഥലം കണ്ടെത്തി കെട്ടിടം നിര്‍മ്മിച്ച് നല്‍കണമെന്നും പഞ്ചായത്ത് മുന്‍പ് പ്രമേയം പാസാക്കിയിരുന്നു. വകുപ്പ് തല നടപടി സ്വീകരിച്ച് സ്ഥലം വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഏറ്റെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.