ഇടുക്കി:കാഴ്ചയും വിശ്വാസവും ഇടകലരുന്ന ഇടമാണ് കാറ്റൂതിമേട്. സമുദ്രനിരപ്പിൽ നിന്നും 3000 അടി ഉയരത്തിലാണ് ഈ പരിസ്ഥിതി സൗഹൃദകേന്ദ്രം സ്ഥിതി ചെയ്യുന്നത്. നിരന്തരം വീശിയടിക്കുന്ന കാറ്റാണ് കാറ്റുതിമേട് എന്ന പേരിന് ആധാരം. ഏതു കൊടിയ വേനലിലും വറ്റാത്ത ആമ്പൽകുളവും കാവും പുൽമേടുമൊക്കെയായി 50 ഏക്കറിൽ വ്യാപിച്ചു കിടക്കുന്നപ്രദേശമാണിത്. സ്ഥിതി ചെയ്യുന്ന ഉയരത്തിനോളം തന്നെ ഐതിഹ്യ പെരുമയിലും ഉയര്‍ന്ന് തന്നെയാണ് കാറ്റൂതിമേട്. നൂറ്റാണ്ടുകൾക്ക് മുമ്പ് കാറ്റൂതി താഴ്‌വരയിലെ മുതുവാൻ സമുദായത്തിൽപ്പെട്ട ആദിവാസികൾ മലമുകളിലെ കുളക്കരയിൽ കന്നിമാരിയമ്മൻ കറുപ്പസ്വാമിയുടെ വിഗ്രഹം പ്രതിഷ്ഠിച്ചു.ഇതോടെ കാറ്റൂതിമേടിന്‍റെ കാവൽ ദൈവമായി കറുപ്പസ്വാമി മാറി. ആദിവാസി ഗ്രാമങ്ങളെയും കൃഷിയിടങ്ങളെയും കാത്ത് പരിപാലിക്കുന്നത് കറുപ്പസ്വാമി ആണെന്നാണ് ആദിവാസി സമുദായത്തിന്‍റെ വിശ്വാസം.
കൊമ്പൻ മീശയും കയ്യില്‍ വടിവാളുമായി കറുപ്പസ്വാമിയുടെ വിഗ്രഹം കാവൽ ദൈവമായി കാറ്റൂതിമേട്ടിൽ തലയുയർത്തി നിൽക്കുകയാണ്. കാലക്രമേണ ആദിവാസികൾ എല്ലാം തന്നെ മലയിറങ്ങിയെങ്കിലും സമീപത്തുള്ള ഏലത്തോട്ടങ്ങളിലെ തൊഴിലാളികളാണ് കാവ് സംരക്ഷിക്കുന്നതും പൂജ നടത്തുന്നതും. മകരമാസത്തിലെ പൗർണമിയിൽ ആണ് പൊങ്കാലയും മുളപാറിയും ഉൾപ്പെടെയുള്ള പ്രധാന ആഘോഷങ്ങള്‍ നടക്കുന്നത് .
കാഴ്ചയുടെയും ഐതിഹ്യത്തിന്‍റെയും കൊടുമുടിയേറുന്ന കാറ്റൂതിമേട് കറുപ്പ് സ്വാമിയെ കൂടാതെ സപ്ത കന്യകമാരുടെ പ്രതിഷ്ഠയും ഇവിടെയുണ്ട്. ദേവലോകത്തെ ഇന്ദ്ര സദസ്സിലെ നർത്തകിമാരായിരുന്ന സപ്ത കന്യകമാര്‍ രാത്രികാലങ്ങളിൽ നീരാടുന്നതിനായി കാറ്റൂതിമേട്ടിലെ കുളക്കരയിൽ എത്തിയിരുന്നതായാണ് ഐതിഹ്യം. 1972 കാലഘട്ടത്തിൽ സപ്ത കന്യകമാരുടെ വിഗ്രഹം കുളത്തിൽ നിന്നും ആദിവാസികൾക്ക് ലഭിച്ചതിനെത്തുടർന്നാണ് കന്യകമാരുടെ പ്രതിഷ്ഠയുള്ള കാവ് ഉണ്ടായത്. കറുപ്പസ്വാമിയെ കൂടാതെ കാവിന്‍റെ കാവൽക്കാരനായി സർപ്പവും ഉണ്ട്. അതുകൊണ്ടുതന്നെ കാവിലേക്ക് ഒറ്റയ്ക്ക് പോകാൻ ആരെയും അനുവദിക്കാറില്ല. മനഃശുദ്ധി ഉള്ളവർക്ക് മാത്രമേ സർപ്പത്തെ കാണാൻ സാധിക്കുകയുള്ളൂ എന്നാണ് വിശ്വാസം. കുളിച്ച് ശുദ്ധിവരുത്തിയവർക്ക് മാത്രമേ കാവിൽ പ്രവേശനമുള്ളൂ.
ചാഞ്ഞുകിടക്കുന്ന കാവിലെ വൃക്ഷ ശിഖരത്തിൽ തൊട്ടിലുകൾ കെട്ടിയാൽ കുട്ടികൾ ഉണ്ടാകും എന്നൊരു വിശ്വാസവും നിലനിൽക്കുന്നുണ്ട് . ശാന്തമ്പാറ സേനാപതി റോഡിലെ പള്ളിക്കുന്ന് കവലയിൽ നിന്നാണ് കാറ്റൂതിമേട്ടിലേക്ക് പോകുന്നതിനുള്ള വഴി. അവിടെ നിന്ന് നാല് കിലോമീറ്ററോളം വൻമരങ്ങൾ തണൽ വിരിച്ച പാതയിലൂടെ സഞ്ചരിച്ചാൽ കാറ്റൂതിമേട്ടിലെ കാറ്റിന്‍റെ തലോടൽ ഏൽക്കാം.
ചതുരംഗപാറ, രാമക്കൽമേട്, സൂര്യനെല്ലി, ചിന്നക്കനാൽ ദേവികുളം ഗ്യാപ്പ് റോഡ്, തുടങ്ങിയ പ്രദേശങ്ങളെല്ലാം ഇവിടെ നിന്നുള്ള വിദൂര കാഴ്ചകള്‍ ആണ്. ആയിരക്കണക്കിന് ആമ്പൽ പൂക്കളെയും പുൽമേടുകളെയും ഇളക്കി സദാ അലയടിക്കുന്ന കാറ്റിന്‍റെ തലോടലേറ്റ് ജൈവ പ്രകൃതിയുടെ നേർക്കാഴ്ചകൾ ഹൃദയത്തിൽ സൂക്ഷിച്ച് കാറ്റൂതിമേട്ടിൽ നിന്നും മല ഇറങ്ങാം