ഇടുക്കി: ലക്ഷങ്ങള്‍ മുടക്കി പ്രവർത്തനം ആരംഭിച്ച ഖാദി ബോര്‍ഡ് വ്യവസായശാലയുടെ പ്രവര്‍ത്തനം നിലച്ചിട്ട് നാലുവര്‍ഷം പിന്നിടുന്നു. രാജാക്കാട് മമ്മട്ടിക്കാനത്തെ ഖാദിബോര്‍ഡ് കെട്ടിടം ഇന്ന് സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറിയിരിക്കുകയാണ്. രാജാക്കാട് ഗ്രാമ പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ മമ്മട്ടിക്കാനം കുരിശുംപടിയില്‍ 1984ല്‍ ആണ് ജില്ലാപഞ്ചായത്തിന്‍റെ കീഴില്‍ ഖാദി ബോര്‍ഡ് വ്യവസായശാല പ്രവര്‍ത്തനം ആരംഭിച്ചത്. എല്ലാവിധ സൗകര്യങ്ങളോടും കൂടിയ രണ്ട് കെട്ടിടങ്ങളിലായി നൂല്‌നൂല്‍ക്കല്‍, തേനീച്ച വളര്‍ത്തല്‍ എന്നിവയില്‍ പരിശീലനവും ഉല്‍പ്പാദനവുമായിരുന്നു ഇവിടെ നടന്നുവന്നിരുന്നത്. പ്രദേശത്തെ സ്ത്രീകളുള്‍പ്പെടെയുള്ള നിരവധിയാളുകള്‍ക്ക് പ്രത്യക്ഷമായി ജോലി നല്‍കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം.
ഖാദി ബോര്‍ഡ് വ്യവസായശാലയുടെ പ്രവര്‍ത്തനം നിലച്ചിട്ട് നാലുവര്‍ഷം - ഇടുക്കി
1984ല്‍ ആണ് ജില്ലാപഞ്ചായത്തിന്‍റെ കീഴില്‍ ഖാദി ബോര്‍ഡ് വ്യവസായശാല പ്രവര്‍ത്തനം ആരംഭിച്ചത്. പ്രവര്‍ത്തനം നിലച്ച കെട്ടിടം ഇന്ന് സാമൂഹ്യ വിരുദ്ധരുടെ താവളമാണ്.
എന്നാല്‍ അധികൃതരുടെ അനാസ്ഥയില്‍ പദ്ധതി അവതാളത്തിലാകുകയും പ്രവര്‍ത്തനം നിലയ്ക്കുകയും ചെയ്തു. വരുമാനമില്ലാതെ വന്നതോടെ തൊഴിലാളികള്‍ മറ്റ് തൊഴില്‍ മേഖലകൾ തേടി പോവുകയും ചെയ്തു. ഇതോടെ വര്‍ഷങ്ങളായി അടഞ്ഞ് കിടന്ന സ്ഥാപനം തുറക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്തെത്തി. തുടർന്ന് 2014ല്‍ വീണ്ടും കെട്ടിടങ്ങള്‍ നവീകരിച്ച് പുതിയ യന്ത്രസാമഗ്രികള്‍ എത്തിച്ച് നൂല്‍ നൂല്‍ക്കല്‍ അടക്കമുള്ള പ്രവര്‍ത്തനം ആരംഭിച്ചു. എന്നാല്‍ ഉദ്യോഗസ്ഥരുടെ അനാസ്ഥയില്‍ സ്ഥാപനം നഷ്ടത്തിലാണെന്ന് പറഞ്ഞ് വീണ്ടും അടച്ചുപൂട്ടി.
അടച്ചുപൂട്ടിയ കെട്ടിടത്തില്‍ ലക്ഷങ്ങൾ വിലവരുന്ന പുതിയ യന്ത്ര സാമഗ്രികളടക്കം തുരുമ്പെടുത്ത് നശിക്കുകയാണ്. ആളൊഴിഞ്ഞ കെട്ടിടത്തില്‍ രാത്രികാലങ്ങളില്‍ അനാശ്യാസപ്രവര്‍ത്തനങ്ങളടക്കം നടക്കുന്നുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഖാദിയുടെ പ്രവര്‍ത്തനം ആരംഭിക്കുകയോ മറ്റേതെങ്കിലും സര്‍ക്കാര്‍ സ്ഥാപനത്തിന് കെട്ടിടം വിട്ടു നല്‍കുന്നതിനോ നടപടി സ്വീകരിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.