ഇടുക്കി : സംസ്ഥാന ബജറ്റില്‍ കാര്‍ഷിക മേഖലയുടെ ഉന്നമനത്തിനായി പ്രഖ്യാപിച്ച പദ്ധതികള്‍ കാര്‍ഷിക വികസനത്തിന് മുതല്‍ക്കൂട്ടാകുമെന്ന പ്രതീക്ഷയിലാണ് ഇടുക്കിയിലെ കര്‍ഷകര്‍. കേരളത്തിലെ തനത് കാര്‍ഷിക വിളകളുടെ സംസ്‌കരണം, വിപണനം, യന്ത്ര വത്കരണം, മൂല്യ വര്‍ധിത ഉത്പാദനം തുടങ്ങിയ നവീന പദ്ധതികളാണ് സംസ്ഥാന ബജറ്റില്‍ പരാമര്‍ശിച്ചിട്ടുള്ളത്.
അഗ്രികള്‍ച്ചര്‍ പാര്‍ക്കുകള്‍, ഫുഡ് പ്രോസസിങ് പാര്‍ക്കുകള്‍ തുടങ്ങിയവ കാര്‍ഷിക ജില്ലയായ ഇടുക്കിയുടെ വികസനത്തിന് വഴി തെളിയ്ക്കുമെന്നാണ് വിലയിരുത്തല്‍. ഇടുക്കി പാക്കേജിനായി 75 കോടി രൂപ വകയിരുത്തിയതും കാര്‍ഷിക വികസനത്തിന് മുതല്‍ക്കൂട്ടാകും.
വന്യജീവി ആക്രമണത്തില്‍ പരിക്കേറ്റവര്‍ക്കും മരിച്ചവരുടെ കുടുംബങ്ങള്‍ക്കും നഷ്‌ടപരിഹാരം നല്‍കുന്നതിനായി ഏഴ് കോടി രൂപ വകയിരുത്തിയതും ഇടുക്കിയ്ക്ക് ആശ്വാസമാണ്. സംസ്ഥാനത്ത് കാട്ടാന ആക്രമണം ഏറ്റവും രൂക്ഷമായ പ്രദേശം ഇടുക്കിയിലെ ശാന്തന്‍പാറ, ചിന്നക്കനാല്‍ പഞ്ചായത്തുകളാണ്.