ഇടുക്കി : തമിഴ്‌നാട് വനം വകുപ്പ് അവകാശവാദമുന്നയിച്ച ഇടുക്കിയുടെ അതിര്‍ത്തി മേഖലയിലെ ഭൂമിയില്‍ റവന്യൂ വകുപ്പ് പരിശോധന നടത്തി. പ്രാഥമിക പരിശോധനയില്‍ തര്‍ക്ക ഭൂമി കേരളത്തിന്‍റേതാണെന്ന് റവന്യൂ വകുപ്പ് കണ്ടെത്തി. അതിനാല്‍ സോളാര്‍ ഫെന്‍സിങ് പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് നെടുങ്കണ്ടം ഗ്രാമ പഞ്ചായത്ത് അറിയിച്ചു.
തമിഴ്‌നാടിന്‍റെ അവകാശവാദം : അതിര്‍ത്തിയില്‍ പരിശോധന നടത്തി റവന്യൂ വകുപ്പ്, ഭൂമി കേരളത്തിന്‍റേത് നെടുങ്കണ്ടം സ്വദേശി ഇളങ്കോവന്‍റെ ഉടമസ്ഥതയിലുള്ള ഭൂമിയിന്‍മേലാണ് തമിഴ്‌നാട് വനം വകുപ്പ് അവകാശവാദം ഉന്നയിച്ചത്. കാട്ടാന ശല്യം തടയുന്നതിനായി അതിര്‍ത്തി മേഖലയായ അണക്കരമെട്ടില്‍ കഴിഞ്ഞ ദിവസം ഫെന്‍സിങ് സ്ഥാപിക്കുന്നതിനിടെയായിരുന്നു തമിഴ്‌നാട് അവകാശ വാദവുമായി എത്തിയത്. പദ്ധതി നടപ്പിലാക്കുന്ന അണക്കരമെട്ടിലെ 1600 മീറ്ററില്‍ 300 മീറ്റര്‍ തമിഴ്‌നാടിന്‍റേതാണെന്ന് അവകാശപ്പെട്ട് ഫെന്‍സിങ് സ്ഥാപിക്കുന്നത് തടയുകയും സ്ഥലം ഉടമയെ ഉദ്യോഗസ്ഥര്‍ മര്‍ദിക്കുകയും ചെയ്‌തിരുന്നു.
സംഭവത്തെ തുടര്‍ന്ന് ഉടുമ്പന്‍ ചോല റവന്യൂ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പൊലീസും മേഖലയില്‍ പരിശോധന നടത്തി. കാട്ടാന ആക്രമണം അതിരൂക്ഷമായ പ്രദേശമാണ് അണക്കരമെട്ട്. തമിഴ്‌നാട് വനമേഖലയില്‍ നിന്നും പതിവായി കാട്ടാനക്കൂട്ടം ഇവിടെ എത്താറുണ്ട്.
also read:ഇടുക്കിയിലെ സ്വകാര്യ ഭൂമിയിൽ തമിഴ്‌നാടിന്‍റെ അവകാശവാദം; അന്വേഷണം വേണമെന്ന് നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത്
അതുകൊണ്ടുതന്നെ കാര്‍ഷിക ജനവാസമേഖലയുടെ സുരക്ഷിതത്വം മുന്‍നിര്‍ത്തി സോളാര്‍ ഫെന്‍സിങ് പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് നെടുങ്കണ്ടം ഗ്രാമ പഞ്ചായത്ത് അറിയിച്ചു. അതേസമയം ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് രേഖാമൂലമുള്ള പരാതി തമിഴ്‌നാട് കേരളത്തിന് കൈമാറിയിട്ടില്ല. ആവശ്യമെങ്കില്‍ തമിഴ്‌നാടുമായി ചേര്‍ന്ന് സംയുക്ത സര്‍വേ നടത്തുമെന്നും റവന്യൂ സംഘം അറിയിച്ചു.