ഇടുക്കി: പ്രളയം വരുത്തിയ ആഘാതത്തിൽനിന്ന് കര കയറും മുമ്പേ മറ്റൊരു മഴക്കാലത്തെ എങ്ങനെ അതിജീവിക്കും എന്ന ആശങ്കയിലാണ് ഇടുക്കി മാങ്കുളം ഗ്രാമപഞ്ചായത്തിലെ കള്ളക്കൂട്ടി കുടിയിലെ മുതുവാൻ കുടുംബങ്ങൾ. കോളനിയെ ജനവാസമേഖലയുമായി ബന്ധിപ്പിക്കുന്ന പാലം കഴിഞ്ഞ പ്രളയത്തിൽ ഒഴുകി പോയതോടെ പുഴയിൽ വെള്ളം ഉയരുമോ എന്നുള്ള ആശങ്കയിലാണ് ഇവിടത്തുകാർ.
പ്രളയത്തിൽ നിന്നും കരകയറാതെ കള്ളക്കൂട്ടിയിലെ മുതുവാൻ കുടുംബങ്ങൾ - mankulam
കോളനിയെ ജനവാസമേഖലയുമായി ബന്ധിപ്പിക്കുന്ന പാലം കഴിഞ്ഞ പ്രളയത്തിൽ ഒഴുകി പോയതോടെ പുഴയിൽ വെള്ളം ഉയരുമോ എന്നുള്ള ആശങ്കയിലാണ് ഇവിടത്തുകാർ.
മാങ്കുളം അന്തോണിപുരത്ത് നിന്നും കള്ളക്കൂട്ടിയിലേക്കുള്ള പ്രധാന സഞ്ചാര പാതയായിരുന്നു കഴിഞ്ഞ പ്രളയത്തിൽ ഒഴുകി പോയ പാലം. മുതുവാൻ സമുദായത്തിൽപെട്ട 25ഓളം കുടുംബങ്ങൾക്ക് ജനവാസ മേഖലയുമായി ബന്ധപ്പെടാനും അരി ഉൾപ്പെടെയുള്ള അവശ്യവസ്തുക്കൾ എത്തിക്കുന്നതിനുള്ള മാർഗ്ഗമായിരുന്നു ഇത്. എന്നാൽ പാലം പ്രളയം കൊണ്ടു പോയതോടെ പുറത്തേക്കുള്ള സഞ്ചാരമാർഗം അടഞ്ഞു. വേനൽക്കാലത്ത് പുഴ മുറിച്ചു കടന്ന് പുറംലോകത്ത് എത്തുമെങ്കിലും മഴക്കാലത്ത് കരിന്തിരി പുഴയിൽ ഭയാനകമാംവിധം വെള്ളം ഉയരും. പുഴയിൽ വെള്ളം ഉയരുന്നതോടെ കള്ളക്കൂട്ടിയിൽ പ്രവർത്തിച്ചുവരുന്ന അംഗൻവാടിയുടെ പ്രവർത്തനവും താളം തെറ്റും. സർക്കാരിന്‍റെ റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി പുതിയ പാലം നിർമ്മിക്കാൻ 75 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും അടിസ്ഥാന നടപടി ഇതുവരെയും ആരംഭിച്ചിട്ടില്ല.