ഇടുക്കി:തൊടുപുഴ മണ്ഡലത്തിൽ പി.ജെ. ജോസഫിന്‍റെ അഭാവത്തിൽ പ്രചാരണം ശക്തമാക്കി ജോസ് വിഭാഗം. ഔദ്യോഗിക പ്രഖ്യാപനം വന്നില്ലെങ്കിലും ജോസ് വിഭാഗം നേതാവ് കെ.ഐ. ആന്‍റണി മണ്ഡലത്തിൽ പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. സംഘടനാശക്തിയിൽ തൊടുപുഴയിൽ ജയിച്ച് കയറാം എന്ന പ്രതീക്ഷയിലാണ് ജോസ് വിഭാഗം.
തൊടുപുഴയിൽ പി.ജെ. ജോസഫിന്‍റെ അഭാവത്തിൽ പ്രചാരണം ശക്തമാക്കി ജോസ് വിഭാഗം - കേരള കോൺഗ്രസ് ജോസഫ്
കഴിഞ്ഞ തവണ പി.ജെ. ജോസഫ് സിപിഎം സ്വതന്ത്ര സ്ഥാനാർഥിയെ തോൽപ്പിച്ചത് 45,587 വോട്ടുകൾക്കായിരുന്നു
കേരള കോൺഗ്രസ് പിളർന്ന ശേഷമുള്ള ആദ്യ നിയമസഭ തെരഞ്ഞെടുപ്പിൽ ജോസഫിന്‍റെ തട്ടകമായ തൊടുപുഴ ആര് പിടിക്കുമെന്നാണ് അറിയേണ്ടത്. ജോസഫിനെതിരെ തൊടുപുഴയിൽ നിന്ന് തന്നെയുള്ള പ്രൊഫസർ കെ.ഐ. ആന്‍റണിയെയാണ് ജോസ് വിഭാഗം രംഗത്തിറക്കിയിരിക്കുന്നത്. ജോസ് വിഭാഗം ഉന്നതാധികാര സമിതി അംഗമാണ് പ്രൊഫസർ കെ.ഐ. ആന്‍റണി. പാർട്ടിയുടെ പിളർപ്പിന് മുൻപ് വരെ തൊടുപുഴയിലടക്കം സംഘടനാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നത് തങ്ങളായിരുന്നുവെന്നും അതിനാൽ പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിലെ മികവ് വിജയം നേടിത്തരുമെന്നുമുള്ള പ്രതീക്ഷയിലാണ് ജോസ് വിഭാഗം.
കൊവിഡ് ബാധിതനായ പി.ജെ. ജോസഫ് തെരഞ്ഞെടുപ്പ് രംഗത്ത് സജീവമാകാൻ ഇനിയും ഒരാഴ്‌ചയിലേറെ സമയം എടുക്കാനാണ് സാധ്യത. ഇതിന് മുൻപ് മണ്ഡലത്തിലെ പ്രമുഖരെയെല്ലാം കണ്ട് വോട്ട് അഭ്യർഥിക്കുവാനാണ് കെ.ഐ. ആന്‍റണിയുടെ നീക്കം. കഴിഞ്ഞ തവണ സംസ്ഥാനത്ത് ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിലാണ് പി.ജെ. ജോസഫ് വിജയിച്ചത്. സിപിഎം സ്വതന്ത്ര സ്ഥാനാർഥിയെ തോൽപ്പിച്ചത് 45,587 വോട്ടുകൾക്കായിരുന്നു. എന്നാൽ ഇത്തവണ കേരള കോൺഗ്രസ് സ്ഥാനാർഥി തന്നെ മത്സരിക്കുന്നതിനാൽ ഫലം അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ്.