ഇടുക്കി:കൂടത്തായി കേസ് പ്രതി ജോളിയെ കട്ടപ്പനയിൽ എത്തിച്ച് തെളിവെടുത്തു. കട്ടപ്പനയിലെ വീട്ടിലെ വളർത്തുനായയിൽ പരീക്ഷിച്ച് വിജയിച്ച ശേഷമാണ് ജോളി അന്നമ്മയ്ക്ക് വിഷം കൊടുത്തതെന്ന് അന്വേഷണസംഘം പറഞ്ഞു. ജോളിയുടെ മാതാപിതാക്കളിൽ നിന്നും സംഘം മൊഴിയെടുത്തു. പേരാമ്പ്രയിൽ നിന്ന് രാവിലെ ഏഴ് മണിക്കാണ് ജോളിയെ കട്ടപ്പന പൊലീസ് സ്റ്റേഷനിലെത്തിച്ചത്. തുടർന്ന് കനത്ത സുരക്ഷയിൽ വാഴവരയിലുള്ള പഴയ കുടുംബവീട്ടിലേക്കെത്തിച്ചു. സ്റ്റേഷനിൽ നിന്ന് ഇറക്കിയപ്പോൾ ചുറ്റും കൂടിനിന്ന ജനക്കൂട്ടം കൂക്കിവിളിച്ചു.
അന്നമ്മക്ക് ജോളി വിഷം നല്‍കിയത് വളര്‍ത്തുനായയില്‍ പരീക്ഷിച്ചതിന് ശേഷം
വാഴവരയിലെ പഴയ കുടുംബവീട്ടിലും കട്ടപ്പന വലിയകണ്ടത്തെ വീട്ടിലുമെത്തിച്ച് തെളിവെടുത്തു
അന്നമ്മയെ കൊല്ലാൻ വലിയ തയ്യാറെടുപ്പുകളാണ് ജോളി നടത്തിയത്. കാർഷിക ആവശ്യങ്ങൾക്കായി അച്ഛൻ വീട്ടിൽ സൂക്ഷിച്ചിരുന്ന വിഷം വളർത്തുനായയിൽ പരീക്ഷിച്ചു. നായ ചത്തത് വിഷം ഉള്ളിൽ ചെന്നാണെന്ന് അന്ന് ആർക്കും മനസ്സിലായില്ല. ഇതോടെയാണ് ഈ ശൈലി എല്ലാ കൊലപാതകങ്ങളിലും സ്വീകരിക്കാൻ ജോളിക്ക് ധൈര്യം ലഭിച്ചതെന്ന് അന്വേഷണസംഘം പറഞ്ഞു. ജോളിയുടെ കുടുംബം ഇപ്പോൾ താമസിക്കുന്ന കട്ടപ്പന വലിയകണ്ടത്തെ വീട്ടിലെത്തിച്ചും തെളിവെടുത്തു. ഇവിടെ രണ്ടിടത്ത് നിന്നും നിർണായക തെളിവുകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം. പ്രീഡിഗ്രി സർട്ടിഫിക്കറ്റ് ഒറിജിനലാണെന്ന് ബോധ്യപ്പെട്ടതിനാൽ ജോളി പഠിച്ച നെടുങ്കണ്ടത്തെ കോളജിൽ എത്തിച്ച് തെളിവെടുക്കേണ്ട എന്ന തീരുമാനത്തിലാണ് സംഘം.