ഇടുക്കി : കട്ടപ്പനക്കടുത്ത് മേട്ടുകുഴിയിൽ ഇതര സംസ്‌ഥാനക്കാരിയായ 14 വയസുള്ള പെണ്‍കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. ജാർഖണ്ഡ് സ്വദേശികളായ ദമ്പതികളുടെ മകളാണ് മരിച്ചത്. സംഭവത്തിൽ ദുരൂഹതയെന്നാണ് പൊലീസ് നിഗമനം.
രാവിലെ കുട്ടിയെ കാണാതായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിൽ സഹോദരനാണ് വീടിന് പിന്നിലെ ഏലത്തോട്ടത്തിൽ മൃതദേഹം ആദ്യം കണ്ടത്. പുലർച്ചെ എഴുന്നേറ്റ പെൺകുട്ടി പുറത്തേക്ക് പോയിരുന്നതായാണ് മാതാപിതാക്കൾ പറയുന്നത്. ഇതിന് ശേഷമാണ് മരിച്ച നിലയിൽ കാണപ്പെട്ടത്.
ജാർഖണ്ഡ് ദുംക സ്വദേശികളായ പെൺകുട്ടിയുടെ മാതാപിതാക്കൾ ഏല തോട്ടത്തിൽ പണിക്കായി മൂന്നാഴ്‌ച മുമ്പാണ് എത്തിയത്. രാവിലെ ജോലിക്ക് പോകുന്നതിനായി സ്ഥലം ഉടമ ഇവരെ വിളിച്ചപ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്.