ഇടുക്കി: നാവിൽ കൊതിയൂറുന്ന ചക്കവിഭവങ്ങളുമായി രാജകുമാരി ഹോളി ക്യൂന്‍സ് യുപി സ്കൂൾ. കേരളത്തിന്‍റെ ഔദ്യോഗിക ഫലമായ ചക്കയുടെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുന്നതിന്‍റെ ഭാഗമായാണ് ചക്ക കൊണ്ടുള്ള വിവിധ വിഭവങ്ങൾ ഒരുക്കി സ്‌കൂളിൽ ചക്ക മഹോത്സവം സംഘടിപ്പിച്ചത്.
രുചിവിഭവങ്ങൾ ഒരുക്കി ചക്ക മഹോത്സവം - holy queens up school
ചക്കയുടെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുന്നതിന്‍റെ ഭാഗമായാണ് ചക്ക മഹോത്സവം സംഘടിപ്പിച്ചത്.
ചക്ക കൊണ്ടുള്ള വിവിധ ഇനം വിഭവങ്ങളുടെ രൂചികൾ ആസ്വദിക്കണമെങ്കില്‍ രാജകുമാരി ഹോളി ക്യൂന്‍സ് യുപി സ്കൂളിൽ എത്തിയാൽ മതി. വിദ്യാർഥികളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ ചക്കകൊണ്ടുള്ള വിഭവങ്ങളുടെയും മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെയും പെരുമഴക്കാലമാണ് ഒരുക്കിയിരിക്കുന്നത്. ചക്ക പുഴുക്ക് മുതൽ ചക്ക പായസം, ഉണ്ണിയപ്പം, ചക്ക ദോശ, ചക്ക ചമ്മന്തി, ചക്കപപ്പടം, ചക്ക വൈൻ ഉൾപ്പെടെ അൻപതോളം വിഭവങ്ങളാണ് വിദ്യാർഥികള്‍ ഒരുക്കിയത്.വിദ്യാർഥികളുടെ പ്രവർത്തന ശേഷിയും ചിന്താരീതികളും ഉയർത്തുന്നതിന് ഇത്തരത്തിലുള്ള മേളകള്‍ വളരെയേറെ പ്രയോജനം ചെയ്യുമെന്ന് പ്രധാനാധ്യാപിക സിസ്റ്റർ ജെസ്സി പറഞ്ഞു.
മാതാപിതാക്കളുടെ സഹായത്തോടെ വിദ്യാർഥികള്‍ വീടുകളിൽ തയ്യാറാക്കിക്കൊണ്ടുവന്ന വിഭവങ്ങൾ തീൻ മേശയിൽ നിരന്നപ്പോൾ അക്ഷരാർത്ഥത്തിൽ ചക്ക വിഭവങ്ങള്‍ കൊണ്ട് നിറഞ്ഞ ചക്ക മഹോത്സവമായി മാറി.