ഇടുക്കി: ഏതാനും ദിവസങ്ങളായി ഇടുക്കിയുടെ മലയോര മേഖലയിൽ അതിശക്തമായ മഴയാണ് പെയ്യുന്നത്. വിവിധ ഇടങ്ങളിൽ മണ്ണിടിച്ചിലും റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ഇതിനൊപ്പമാണ് ഇന്നലെ രാത്രിയിലെ ശക്തമായ മഴയിൽ ഉണങ്ങി നിന്നിരുന്ന പന കടപുഴകി വീടിന് മുകളിലേക്ക് വീണ് അപകടം ഉണ്ടായത്.
പന കടപുഴകി വീണ് വീട് തകർന്നു സേനാപതി പഞ്ചായത്തിലെ മാങ്ങാത്തൊട്ടിയിൽ കുരിശിങ്കൽ ജോർജിന്‍റെ വീടിനു മുകളിലേക്കാണ് സമീപവാസിയുടെ പറമ്പിലുണ്ടായിരുന്ന പന കടപുഴകി വീണത്. അടുക്കള ഭാഗത്തെ മേൽക്കൂര പൂർണമായി തകർന്നു. വീഴ്‌ചയുടെ ആഘാതത്തിൽ വീടിന് വിള്ളൽ വീഴുകയും ചെയ്‌തിട്ടുണ്ട്.
ജോർജും ഭാര്യ ചിന്നമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അടുക്കളയിൽ ആളില്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. മേൽക്കൂര തകർന്നുവീണ് വീട്ടുപകരണങ്ങൾക്കും നാശനഷ്‌ടം സംഭവിച്ചു. മഴക്കാലം ആരംഭിക്കുന്നതിനു മുമ്പ് തന്നെ ഉണങ്ങി നിന്നിരുന്ന പന മുറിച്ചുമാറ്റാൻ ആവശ്യപ്പെട്ടെങ്കിലും സമീപവാസി തയാറായില്ലെന്നും ഇവർ ആരോപിക്കുന്നു.
അപകട ഭീഷണി ഉയർത്തി നിരവധി മരങ്ങൾ ഇപ്പോഴും ഇവിടെ നിൽക്കുന്നുണ്ട്. അതേസമയം ശക്തമായ മഴ മലയോര മേഖലയിൽ തുടരുന്നത് വലിയ ആശങ്ക ഉണ്ടാക്കുന്നു. ഇടവിട്ട മഴയിൽ നീരൊഴുക്ക് തുടരുന്ന സാഹചര്യത്തിൽ കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ തുറന്ന പൊന്മുടി, കല്ലാർകുട്ടി അണക്കെട്ടുകളുടെ ഷട്ടറുകൾ ഇതുവരെ താഴ്ത്തിയിട്ടില്ല. മറ്റ് ചെറുകിട അണക്കെട്ടുകളിലും ജലനിരപ്പ് നേരിയ തോതിൽ ഉയരുന്നുണ്ട്.