കേരളം

kerala

വ്യാജ പട്ടയമുണ്ടാക്കി കയ്യേറിയ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു

കേരള-തമിഴ്‌നാട് അതിര്‍ത്തിയായ ചതുരംഗ പാറയില്‍ കയ്യേറിയ ഒമ്പത്‌ ഏക്കര്‍ ഭൂമിയുടെ പട്ടയം റദ്ദ് ചെയ്‌തു

By

Published : Jan 26, 2020, 4:19 PM IST

Published : Jan 26, 2020, 4:19 PM IST

Updated : Jan 26, 2020, 5:11 PM IST

ഇടുക്കി  വ്യാജ പട്ടയം  റവന്യൂ ഭൂമി  Idukki  forged revenue land  idukki land  ചതുരംഗ പാറ  chathuranga para
ഇടുക്കിയിലെ വ്യാജ പട്ടയഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു

ഇടുക്കി: സ്വകാര്യവ്യക്തികൾ വ്യാജ പട്ടയമുണ്ടാക്കി കയ്യേറിയ റവന്യൂ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു. കേരള-തമിഴ്‌നാട് അതിര്‍ത്തിയായ ചതുരംഗപ്പാറയില്‍ കയ്യേറിയ ഒമ്പത്‌ ഏക്കര്‍ ഭൂമിയാണ് പട്ടയം റദ്ദ് ചെയ്‌ത് സര്‍ക്കാര്‍ ഏറ്റെടുത്തത്. എറ്റെടുത്ത ഭൂമിയില്‍ റവന്യൂ വകുപ്പ് ബോര്‍ഡും സ്ഥാപിച്ചു. ചതുരംഗപ്പാറ വില്ലേജില്‍ തമിഴ്‌നാട് അതിര്‍ത്തി വേര്‍തിരിക്കുന്ന 98/2 സര്‍വേ നമ്പറില്‍ ബ്ലോക്ക് നമ്പര്‍ 18ല്‍ പെട്ട ഒമ്പത്‌ ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയാണ് ഏറ്റെടുത്തത്.

വ്യാജ പട്ടയമുണ്ടാക്കി കയ്യേറിയ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു

ചതുരംഗപ്പാറ നിവാസികളായ കൊച്ചുപറമ്പില്‍ മത്തായി ചാക്കോ, കൊടിതോട്ടത്തില്‍ പളനി സ്വാമി ചെട്ടിയാര്‍ എന്നിവരുടെ പേരില്‍ എല്‍എ 54/69, എല്‍എ 52/65 എന്നീ നമ്പരുകളില്‍ വ്യാജ പട്ടയമുണ്ടാക്കി കെവിഎസ് ഫാംസ് എന്ന കമ്പനിക്ക് മറിച്ച് വില്‍ക്കുകയായിരുന്നു. ഇതിന് ശേഷം പട്ടയത്തിന്‍റെ നമ്പര്‍ സംബന്ധിച്ച് സംശയം നീക്കുന്നതിന് വില്ലേജ് ഓഫീസിലെത്തി കെവിഎസ് ഫാംസ് എംഡി ബേബി ജോസഫ് നല്‍കിയ അപേക്ഷയില്‍ പരിശോധന നടത്തുമ്പോഴാണ് വ്യാജപട്ടയമാണെന്ന് കണ്ടെത്തുന്നത്.

തുടര്‍ന്ന് വില്ലേജ് ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കിയതിന്‍റെ അടിസ്ഥാനത്തില്‍ നേരിട്ടെത്തി പരിശോധന നടത്തുകയും വ്യാജപട്ടയമുണ്ടാക്കി കയ്യേറിയത് റവന്യൂ ഭൂമിയാണെന്ന് കണ്ടെത്തുകയും ചെയ്‌തു. ഇതേ തുടര്‍ന്ന് തഹസില്‍ദാര്‍ നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ആര്‍ഡിഒ പട്ടയം റദ്ദ് ചെയ്യുകയും ഭൂമി ഏറ്റെടുക്കുന്നതിന് നിര്‍ദേശം നല്‍കുകയുമായിരുന്നു. ഇതേ തുടര്‍ന്നാണ് റവന്യൂ ഉദ്യോഗസ്ഥര്‍ ഇന്ന് സ്ഥലം ഏറ്റെടുത്തത്. സ്‌പെഷ്യല്‍ തഹസില്‍ദാര്‍ എ.വി തോമസ്, എച്ച്.സി രാജ്‌കുമാര്‍, വില്ലേജ് ഓഫീസര്‍ ബി. പവിത്രന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ബോര്‍ഡ് സ്ഥാപിച്ച് ഭൂമി ഏറ്റെടുത്തത്. ഇതിനോട് ചേര്‍ന്നുള്ള മറ്റ് ഭൂമികളിലും കയ്യേറ്റം നടന്നിട്ടുണ്ടോയെന്ന് റവന്യൂ വകുപ്പ് പരിശോധിച്ച് വരികയാണ്.

Last Updated : Jan 26, 2020, 5:11 PM IST

ABOUT THE AUTHOR

...view details