ഇടുക്കി: ചതുരംഗപ്പാറ വില്ലേജിലുള്ള സർക്കാർ ഭൂമിയിൽ വൻതോതിൽ അനധികൃത പാറഖനനം നടന്നതായി വിജിലൻസ് പരിശോധനയിൽ കണ്ടെത്തി (Illegal Rock Mining). റവന്യൂ, മൈനിംഗ് ആന്‍റ് ജിയോളജി വകുപ്പുകളുടെ അറിവോടെ നടന്ന പാറപൊട്ടിക്കലിൽ സർക്കാരിന് ഒരു കോടി രൂപയുടെ നഷ്‌ടമുണ്ടായതായും പ്രാഥമിക പരിശോധനയിൽ കണ്ടെത്തി.
ഉടുമ്പൻചോല താലൂക്കിലെ പാപ്പൻപാറ, സുബ്ബൻപാറ എന്നിവിടങ്ങളിലെ അനധികൃത പാറഖനനം നടത്തിയ മൂന്നിടത്താണ് കോട്ടയം വിജിലൻസ് യൂണിറ്റ് പരിശോധന നടത്തിയത്. ഇവിടങ്ങളില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി വ്യാപകമായി പാറപൊട്ടിക്കല്‍ നടക്കുന്നുവെന്ന പാരാതിയാണ് പരിശോധനക്ക് കാരണം.
പാപ്പൻപാറ ബോജാ കമ്പനി ഭാഗത്ത് സർവ്വേ 35/1 ൽ പെട്ട 75 ഏക്കർ വിസ്‌തൃതിയുള്ള സർക്കാർ തരിശ് പാറയുണ്ട്. ഇവിടെ നിന്നും പാലാ, മൂവാറ്റുപുഴ സ്വദേശികൾ ലക്ഷക്കണക്കിനു രൂപയുടെ പാറ പൊട്ടിച്ചു കടത്തിയെന്നാണ് വിജിലന്‍സിന് ലഭിച്ച പരാതി. ഇതേ പരാതി നേരത്തെ റവന്യുവകുപ്പിനും നല്‍കിയിരുന്നു. റവന്യു ഉദ്യോഗസ്ഥര്‍ പാറ പൊട്ടിച്ചുവെന്ന് കണ്ടത്തി ഹിറ്റാച്ചിയടക്കമുള്ള ഉപകരണങ്ങള്‍ കസ്റ്റഡിയിലെടുത്ത് 12 ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു.
പിഴ അടച്ചില്ലെന്ന് മാത്രമല്ല ഉപകരണങ്ങള്‍ മാറ്റുകയും ചെയ്‌തു. ഇതോടെയാണ് അഴിമതിയുണ്ടെന്നും ഉദ്യോഗസ്ഥരടക്കം പങ്കാളിയാണെന്നും കാട്ടി ഇടുക്കി ദേവികുളം സ്വദേശി വിജിലന്‍സിനെ സമീപിക്കുന്നത്. വിജിലൻസ് സംഘത്തിലുണ്ടായിരുന്ന കോട്ടയം ജില്ല അസിസ്റ്റന്‍റ് ജിയോളജിസ്റ്റ് നടത്തിയ പ്രാഥമിക കണക്കെടുപ്പിൽ റോയൽറ്റി ഇനത്തിൽ ഒരു കോടി രൂപ എങ്കിലും സർക്കാരിന് നഷ്‌ടമായെന്നാണ് കണ്ടെത്തല്‍.