ഇടുക്കി: ലോക് ഡൗൺ നിർദേശങ്ങൾ ലംഘിച്ച് ഇടുക്കിയിലെ അതിർത്തി മേഖല വഴി ആളുകൾ തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേക്കെത്തുന്നു. അതിർത്തി മേഖലയിലെ കാട്ടുപാതയിലൂടെ കാൽനടയായാണ് ഇവർ കേരളത്തിലേക്കെത്തുന്നത്. തമിഴ്‌നാട്ടിലെ ലോവർ ക്യാമ്പ്, ഗൂഡല്ലൂർ, കമ്പം തുടങ്ങിയ പ്രദേശങ്ങളിലൂടെയാണ് ഇവർ വനമേഖലയിലേക്ക് പ്രവേശിക്കുന്നത്. ഇതിലൂടെ ഏകദേശം അഞ്ച് കിലോമീറ്റർ കാൽനടയായി യാത്ര ചെയ്‌താൽ ഇടുക്കി അതിർത്തിയിലെത്താം. അതിർത്തി പങ്കിടുന്ന കുമളി മുതൽ പാണ്ടിക്കുഴി വരെയുള്ള മേഖലകൾ വഴിയാണ് കൂടുതലായും അനധികൃത പ്രവേശനം നടക്കുന്നത്.
വനമേഖലയിലൂടെ തമിഴ്‌നാട്ടില്‍ നിന്നും അനധികൃത പ്രവേശനം
കേരളത്തിലേക്ക് അനധികൃത പ്രവേശനം നടത്തിയ നിരവധി പേരെ പൊലീസ് പിടികൂടി
കുമളി ചെക്ക് പോസ്റ്റിൽ കർശന പരിശോധന നടപ്പിലാക്കിയതോടെയാണ് ഇവർ കാട്ടുപാതകളെ ആശ്രയിക്കാന്‍ തുടങ്ങിയത്. ഇത്തരത്തിൽ അനധികൃത പ്രവേശനം നടത്തിയ നിരവധി പേരെ കേരളാ പൊലീസ് പിടികൂടിയിരുന്നു. പിടികൂടിയ നാലംഗ കുടുംബത്തെ തമിഴ്‌നാട് പൊലീസിന് കൈമാറുകയും ചെയ്‌തിരുന്നു. ഇവരെ പിന്നീട് തമിഴ്‌നാട്ടിൽ ക്വാറന്‍റൈനിൽ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവര്‍ കുമളിയിൽ ആരോഗ്യവകുപ്പിന്‍റെ നിരീക്ഷണത്തിലാണ്. തമിഴ്‌നാട്ടിലെ തേനിയില്‍ കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നതിനാല്‍ കാട്ടുപാതയിലൂടെയുള്ള അനധികൃത പ്രവേശനം അധികൃതരെ ആശങ്കയിലാക്കുന്നു.