ഇടുക്കി: അഞ്ച് വര്‍ഷത്തെ പരിശ്രമത്തിനൊടുവില്‍ ചെമ്മണ്ണാർ സെന്‍റ് സേവ്യേഴ്‌സ് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി ആൽമിയ മാത്യുവിന് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മത്സരിക്കാന്‍ അവസരമൊരുങ്ങി. ഇടുക്കി ജില്ലാ സ്‌കൂള്‍ കലോത്സവത്തിലെ ഹയര്‍ സെക്കന്‍ററി വിഭാഗം സംസ്കൃത പ്രസംഗ മത്സരത്തില്‍ എ ഗ്രേഡ് നേടിയതോടെയാണ് സംസ്ഥാന തല മത്സരത്തിലേക്ക് ആല്‍മിയ യോഗ്യത നേടിയത്.
കഠിനാധ്വാനത്താല്‍ വിജയം സ്വന്തമാക്കി ആല്‍മിയ
ഇടുക്കി ജില്ലാ സ്‌കൂള്‍ കലോത്സവത്തിലെ ഹയര്‍ സെക്കന്‍ററി വിഭാഗം സംസ്കൃത പ്രസംഗ മത്സരത്തില്‍ എ ഗ്രേഡ് നേടി സംസ്ഥാന തല മത്സരത്തിന് യോഗ്യത നേടിയിരിക്കുകയാണ് ആല്‍മിയ മാത്യു.
ചെറുപ്രായത്തിൽ സ്കൂളിലെ പ്രസംഗ വേദികളിലും, മോണോ ആക്ട് വേദികളിലും നിറഞ്ഞ് നിന്നിരുന്ന ആൽമിയ അഞ്ചാം ക്ലാസ്സ് മുതലാണ് സംസ്കൃതം പഠിക്കാന്‍ തുടങ്ങിയത്. സംസ്കൃതത്തിനോടുള്ള അഭിനിവേശമാണ് ആല്‍മിയയെ കലാമത്സര വേദികളിലേയ്ക്ക് എത്തിച്ചത്. ഏഴാം ക്ലാസ് മുതൽ സബ് ജില്ലാ, ജില്ലാ മത്സര വേദികളിൽ സംസ്കൃത പ്രസംഗത്തിൽ മത്സരിക്കുന്നുണ്ടെങ്കിലും ഇതാദ്യമായിട്ടാണ് ആൽമിയ സംസ്ഥാന തല മത്സരത്തിലേയ്ക്ക് യോഗ്യത നേടുന്നത്.
സ്‌കൂളിലെ അധ്യാപിക സംഗീതയാണ് സംസ്കൃതത്തില്‍ ആല്‍മിയയുടെ ഗുരു. ഇരുവേലിക്കുന്നേൽ മാത്യു ജോസഫിന്‍റെയും ബെറ്റിയുടെയും ആറ് മക്കളിൽ മൂന്നാമത്തെയാളാണ് ആൽമിയ.