ഇടുക്കിയിൽ മൂന്ന് ദിവസത്തേക്ക് റെഡ് അലർട്ട്; അതീവ ജാഗ്രതാ നിർദേശം - റെഡ് അലർട്ട്
ജില്ലയിൽ ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി കാലങ്ങളിൽ മലയോരമേഖലയിലേക്കുള്ള യാത്ര ഒഴിവാക്കാനും, വീടുകളിൽ എമർജൻസി കിറ്റുകൾ കരുതിവെക്കാനും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദേശം നൽകി
ഇടുക്കി: ഇടുക്കി ജില്ലയിൽ ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് കേന്ദ്ര കാലവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു. അതിതീവ്ര മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്താണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് 21 വരെ കനത്ത മഴ കണക്കിലെടുത്ത് വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, യെല്ലോ അലർട്ടുകൾ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചു. ഇതിൽ ഇടുക്കി ജില്ലയിൽ ഈ ദിവസങ്ങളിൽ അതി തീവ്രമഴ പെയ്യുവാൻ സാധ്യത ഉള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. എന്നാൽ ജില്ലയിൽ കഴിഞ്ഞ രണ്ട് മാസക്കാലമായി ശക്തമായ മഴ പെയ്തിട്ടില്ല. ജില്ലയിൽ ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി കാലങ്ങളിൽ മലയോരമേഖലയിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദേശം നൽകി.