ഇടുക്കി:വൈക്കോൽ ഉപയോഗിച്ച് മനോഹരമായ ചിത്രങ്ങൾ നിർമിക്കുകയാണ് ഇടുക്കി രാജകുമാരി സ്വദേശി അമ്പഴച്ചാലിൽ ബിജു ഐസക്ക്. വൈക്കോൽ നാമ്പുകൾ നുള്ളിയെടുത്ത് ക്ഷമയോടെ മാസങ്ങൾ സമയമെടുത്താണ് ഓരോ ചിത്രങ്ങളും പൂർത്തിയാക്കുന്നത്. ചെറുപ്പം മുതൽ ചിത്രകലയിൽ അഭിരുചിയുള്ള ബിജു, നിരവധി ചിത്രങ്ങൾക്കാണ് ജന്മം നല്‍കിയിട്ടുള്ളത്. പതിനെട്ടാമത്തെ വയസ് മുതലാണ് ചിത്രകലയിൽ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
പെയിന്‍റും ബ്രഷും മാത്രമല്ല വൈക്കോലിലും തീര്‍ക്കാം മനോഹര ചിത്രം; ശ്രദ്ധേയനായി ബിജു ഐസക്ക് എന്ന കലാകാരന്‍ ഡാവിഞ്ചി, പിക്കാസോ, രവിവർമ്മ എന്നിവരോട് തോന്നിയ ആരാധനയാണ് ബിജുവിന് ചിത്രകല പഠിക്കാൻ പ്രേരണയായത്. എറണാകുളം ജില്ലയിലെ സ്വകാര്യ സഥാപനത്തിൽ നിന്നും ചിത്രകല പഠനം പൂർത്തിയാക്കി തിരികെയെത്തിയ ബിജുവിന് വൈക്കോൽ ഉപയോഗിച്ച് നിർമിച്ച ഒരു ചിത്രം സമ്മാനമായി ലഭിച്ചു. അതെ രീതിയിലുള്ള ചിത്രങ്ങൾ നിർമിക്കാനായി പിന്നീടുള്ള ശ്രമം.
ആദ്യം ചെറിയ ചിത്രങ്ങൾ നിർമിച്ച് തുടങ്ങിയ ബിജു പിന്നീട് മാസങ്ങളോളം സമയമെടുത്ത് വലിയ ചിത്രങ്ങൾ രൂപപ്പെടുത്താൻ ആരംഭിച്ചു. ഉണങ്ങിയ ഓലകൾ ഉപയോഗിച്ചും ബിജു ചിത്രങ്ങൾ നിർമിച്ചിട്ടുണ്ട്. തിളക്കമുള്ള വൈക്കോൽ തെരഞ്ഞടുത്ത് നന്നായി ഉണങ്ങിയ ശേഷം ചെറുനാമ്പുകൾ ആയി നുള്ളിയെടുത്ത് പശ ഉപയോഗിച്ച് പതിപ്പിച്ചാണ് ചിത്രങ്ങൾ തയ്യാറാക്കുന്നത്.
കാഴ്‌ചയ്‌ക്ക് മങ്ങൽ ഏറ്റതോടെ വൈക്കോൽ ചിത്രകല പൂർണമായും ബിജു ഉപേക്ഷിച്ചു. പൂർത്തികരിച്ച ചിത്രങ്ങൾക്ക് മോഹവില ലഭിച്ചിട്ടും വിൽക്കാനും ബിജു തയ്യാറായില്ല. വാട്ടർ പെയിന്‍റിങ്ങ് അക്കർലിക്ക്, ഓയിൽ പെയിന്‍റിങ് തുടങ്ങിയ ചിത്രകലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് നിലവിൽ ബിജു.
ആയിരകണക്കിന് ചിത്രങ്ങളാണ് ബിജുവിന്‍റെ തൂലികയിൽ പിറവിയെടുത്തത്. ആരാധനാലയങ്ങളുടെയും വിവിധ ബിസിനസ് സ്ഥാപങ്ങളുടെയെല്ലാം ചുവരുകൾ ചിത്രങ്ങളാൽ അലങ്കരിക്കുന്നതിന് ബിജുവിനെ തേടിയെത്തുന്നവർ നിരവധിയാണ്.