ഇടുക്കി: വിനോദസഞ്ചാര മേഖലയിലെ വിലക്ക് നീങ്ങിയതോടെ ജില്ലയിലെ ഹൈഡൽ ടൂറിസം കേന്ദ്രങ്ങളും ഉണർന്നു. മൂന്നാർ, മാട്ടുപ്പെട്ടി, കുണ്ടള, ആനയിറങ്കൽ, പൊന്മുടി, ചെങ്കുളം തുടങ്ങിയ ജില്ലയിലെ പ്രധാന ഹൈഡൽ ടൂറിസം കേന്ദ്രങ്ങളെല്ലാം സഞ്ചാരികളെ വരവേൽക്കാൻ തയാറായി കഴിഞ്ഞു. സംസ്ഥാന സർക്കാരിന്‍റെ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ജലാശയങ്ങളിൽ ബോട്ടിങ് ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി ഹൈഡൽ ടൂറിസം സീനിയർ മാനേജർ ജോയൽ തോമസ് പറഞ്ഞു. വലിയ ബോട്ടുകളായിരിക്കും ആദ്യം സർവീസ് നടത്തുക. സ്പീഡ് ബോട്ടുകളുടെ പ്രവർത്തനം പിന്നീടായിരിക്കും ആരംഭിക്കുക.
സഞ്ചാരികളെ കാത്ത് ഇടുക്കിയിലെ ഹൈഡൽ ടൂറിസം കേന്ദ്രങ്ങൾ
മാട്ടുപ്പെട്ടി, കുണ്ടള, ആനയിറങ്കൽ, പൊന്മുടി, ചെങ്കുളം തുടങ്ങിയ കേന്ദ്രങ്ങളിലേക്ക് വരും ദിവസങ്ങളിൽ കൂടുതൽ സഞ്ചാരികൾ എത്തുമെന്ന പ്രതീക്ഷയിലാണ് ഹൈഡൽ ടൂറിസം വകുപ്പ്
വിനോദസഞ്ചാര മേഖലയിൽ ഇടുക്കി ജില്ലക്ക് ഏറ്റവും വരുമാനം ലഭിച്ചിരുന്ന മേഖലയാണ് ഹൈഡൽ ടൂറിസം പദ്ധതികൾ. വൈദ്യുതി വകുപ്പിന് കീഴിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ദിനംപ്രതി 20,000 രൂപ മുതൽ ഒരു ലക്ഷം രൂപവരെ വരുമാനം ലഭിച്ചിരുന്നു. കൊവിഡ് പടർന്നു പിടിച്ചതോടെ കോടികളുടെ വരുമാന നഷ്‌ടമാണ് വൈദ്യുതി വകുപ്പിനുണ്ടായത്. വിലക്ക് നീങ്ങിയതോടെ ഹൈഡൽ ടൂറിസവും ഉണരുകയാണ്. വിവിധ കേന്ദ്രങ്ങളിൽ പ്രത്യേകം പ്രാർഥനകളോടെയും പൂജകളോടെയുമാണ് ഓഫിസുകൾ തുറന്നത്. മാട്ടുപ്പെട്ടി, കുണ്ടള, ആനയിറങ്കൽ, പൊന്മുടി, ചെങ്കുളം തുടങ്ങിയ കേന്ദ്രങ്ങളിലേക്ക് വരും ദിവസങ്ങളിൽ കൂടുതൽ സഞ്ചാരികൾ എത്തുമെന്ന പ്രതീക്ഷയിലാണ് ഹൈഡൽ ടൂറിസം വകുപ്പ്.