ഇടുക്കി: ഹൈറേഞ്ചില്‍ പരിചിതമല്ലാത്ത പൈനാപ്പിള്‍ കൃഷി ചെയ്‌ത് വന്‍ ലാഭം സ്വന്തമാക്കി കര്‍ഷകന്‍. കൂത്താട്ടുകളം സ്വദേശി ജോണിയാണ് വ്യത്യസ്‌തമായ കാലവസ്ഥയില്‍ കൃഷി ഇറക്കി വിജയം നേടിയത്. ഏലം കൃഷിക്കായി വാങ്ങിയ രണ്ടേക്കര്‍ പുരയിടത്തിലാണ് ജോണി പൈനാപ്പിള്‍ കൃഷി നടത്തിയത്.
ഹൈറേഞ്ചില്‍ പൈനാപ്പിള്‍ കൃഷിയില്‍ വിജയം കൈവരിച്ച് കര്‍ഷകന്‍
ഏലം കൃഷിക്ക് വാങ്ങിയ പുരയിടത്തിലാണ് കര്‍ഷകന്‍ പൈനാപ്പിള്‍ കൃഷി ഇറക്കിയത്
ഒരു വര്‍ഷം മുന്‍പാണ് കൂത്താട്ടുകുളം സ്വദേശി ജോണി ഇടുക്കിയിലെത്തി ഏലം കൃഷിക്ക് സ്ഥലം വാങ്ങിയത്. എന്നാല്‍ പുരയിടത്തില്‍ ഏലം കൃഷിക്ക് ആവശ്യമായ തണല്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് ജോണി തീരുമാനം മാറ്റുകയായിരുന്നു. സാധാരണ ചൂട് കാലാവസ്ഥയില്‍ ചെയ്യുന്ന പൈനാപ്പിള്‍ കൃഷി ഹൈറേഞ്ച് മേഖലയില്‍ ചെയ്യുന്നത് വലിയ വെല്ലുവിളിയായിരുന്നെന്നും ജോണി പറഞ്ഞു.
കട്ടപ്പന, വാഴക്കുളം മേഖലയില്‍ നിന്നുള്ള ഹോള്‍സെയില്‍ കച്ചവടക്കാരാണ് ജോണിയുടെ കൃഷിയിടത്തില്‍ നിന്ന് പൈനാപ്പിള്‍ വില്‍പ്പനയ്‌ക്ക് എടുക്കുന്നത്. ശരാശരി 40 രൂപ നിരക്കിലാണ് വില്‍പന നടത്തുന്നതെന്നും ജോണി വ്യക്തമാക്കി. പ്രദേശത്ത് നിന്ന് കൂടുതല്‍ ആളുകള്‍ ഈ കൃഷിയിലേക്ക് കടന്ന് വരണമെന്നും ജോണി അഭിപ്രായപ്പെട്ടു.