ഇടുക്കി: നെടുങ്കണ്ടം കല്ലാര്‍ പുഴയോരത്ത് സുരക്ഷ മുന്‍കരുതലുകള്‍ ഒരുക്കണമെന്ന് നാട്ടുകാര്‍. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍, വിദ്യാര്‍ഥികളടക്കം അഞ്ചോളം പേരുടെ ജീവനാണ് പുഴയില്‍ പൊലിഞ്ഞത്. സ്വാതന്ത്ര്യ ദിനത്തില്‍ ഒഴുക്കില്‍പ്പെട്ട് നെടുങ്കണ്ടം സ്വദേശിയായ 13 വയസുകാരന്‍ മരണപ്പെട്ടിരുന്നു.
നെടുങ്കണ്ടം കല്ലാര്‍ പുഴയിൽ അപകടം പതിവ് ; സുരക്ഷ മുന്‍കരുതലുകള്‍ സ്ഥാപിക്കണമെന്ന് നാട്ടുകാർ കാഴ്‌ചയില്‍ ശാന്തമാണെങ്കിലും കല്ലാര്‍ പുഴയില്‍ നിരവധി അപകട സാധ്യതകളാണ് ഒളിഞ്ഞിരിക്കുന്നത്. ടണലിലൂടെ വെള്ളം ഒഴുകുന്നതിനാല്‍ അടിയൊഴുക്ക് അതിശക്തമാണ്. അപകടകരമായ പാറയിടുക്കുകളും നിരവധിയുണ്ട്.
അപകട സാധ്യത വര്‍ധിച്ചതോടെ പ്രദേശവാസികള്‍ പുഴയില്‍ ഇറങ്ങാറില്ല. എന്നാല്‍ നെടുങ്കണ്ടത്തെ സ്‌കൂളുകളില്‍ നിന്ന് എത്തുന്ന കുട്ടികള്‍ പുഴയില്‍ ഇറങ്ങുന്നത് പതിവാണ്. താന്നിമൂട് മുതല്‍ ഡാം വരെയുള്ള ഏകദേശം രണ്ട് കിലോമീറ്ററോളം ദൂരത്തിലാണ് ഏറ്റവും കൂടുതല്‍ അപകട സാധ്യതയുള്ളത്.
ഇത്തരം ഭാഗങ്ങളില്‍ അപകട മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണം. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് കുട്ടികള്‍ക്ക് ബോധവത്‌കരണം നല്‍കണമെന്നതുമാണ് നാട്ടുകാരുടെ ആവശ്യം. പുഴയോരത്ത് പല ഇടങ്ങളിലും മണ്ണിടിഞ്ഞ് കിടക്കുന്നതും അപകട സാധ്യത വര്‍ധിപ്പിക്കുന്നു.
കല്ലാര്‍ ഡാമിന് സമീപം, നിരവധി അപകടങ്ങള്‍ നടന്നിട്ടുള്ള പ്രദേശത്ത് പോലും ഇതുവരെ സുരക്ഷ വേലിയോ മുന്നറിയിപ്പ് ബോര്‍ഡുകളോ സ്ഥാപിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.