ഇടുക്കി: മുണ്ടിയെരുമയില്‍ എസ്എന്‍ഡിപിയുടെ കൈവശ ഭൂമിയിലെ നിര്‍മാണം അനധികൃതമെന്ന് റവന്യു വകുപ്പ്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൊളിച്ച് നീക്കാനുള്ള റവന്യു വകുപ്പിന്‍റെ ശ്രമം നാട്ടുകാര്‍ തടഞ്ഞു. ഹൈറേഞ്ച് കോളനൈസേഷന്‍ പദ്ധതി പ്രകാരം അനുവദിക്കപ്പെട്ട ഭൂമിയിലാണ് നിര്‍മാണം നടക്കുന്നതെന്നാണ് എസ്എന്‍ഡിപിയുടെ വിശദീകരണം.
എസ്എന്‍ഡിപിയുടെ പ്രതികരണം മുണ്ടിയെരുമയില്‍ എസ്എന്‍ഡിപിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിനോട് ചേര്‍ന്ന് പ്രാര്‍ഥന ഹാളും അനുബന്ധ നിര്‍മാണ പ്രവര്‍ത്തനങ്ങളുമാണ് പുരോഗമിക്കുന്നത്. എന്നാല്‍ നിലവില്‍ നിര്‍മാണം നടക്കുന്നത് സര്‍ക്കാര്‍ വക ഭൂമിയാലാണെന്നാണ് റവന്യു വകുപ്പിന്‍റെ വിശദീകരണം. നിര്‍മാണം പൊളിച്ച് നീക്കുന്നതിനായി ഭൂസംരക്ഷണ സേനയുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹത്തിന്‍റെ അകമ്പടിയില്‍ റവന്യു സംഘം എത്തിയെങ്കിലും നടപടി നാട്ടുകാര്‍ തടയുകയായിരുന്നു.
റവന്യു വകുപ്പില്‍ നിന്നും ഭൂമിയുടെ രേഖകള്‍ പരിശോധിച്ച് കൃത്യമായ അനുമതി ലഭ്യമാക്കിയ ശേഷം മാത്രമേ തുടര്‍ നിര്‍മാണം നടക്കൂ എന്ന ഉറപ്പില്‍ റവന്യു വകുപ്പ് നടപടികള്‍ താത്കാലികമായി നിര്‍ത്തിവച്ചു. ഹൈറേഞ്ച് കോളനൈസേഷന്‍ സ്‌കീം പ്രകാരം, മുണ്ടിയെരുമയില്‍ നാല് സെന്‍റ് പട്ടയ ഭൂമിയും 10 സെന്‍റ് കൈവശ ഭൂമിയുമാണ് എസ്എന്‍ഡിപിയ്ക്ക് അനുവദിച്ചിട്ടുള്ളതെന്നാണ് ശാഖായോഗത്തിന്‍റെ വിശദീകരണം. ഈ ഭൂമിയിലാണ് നിര്‍മാണം നടക്കുന്നത്.
കെട്ടിടം നിര്‍മിക്കുന്നതുമായി ബന്ധപെട്ട നിബന്ധനകള്‍ പാലിച്ചിട്ടുണ്ടെന്നും, രേഖകളുടെ കൃത്യത ആവശ്യപെട്ടും ഭൂമിയുടെ അതിരുകള്‍ നിര്‍ണയിച്ച് തരണമെന്നും ആവശ്യപെട്ട് നിരവധി തവണ റവന്യു അധികൃതരെ സമീപിച്ചിട്ടും നടപടി ഉണ്ടായില്ലെന്നും എസ്എന്‍ഡിപി ശാഖ യോഗം അറിയിച്ചു. പട്ടം കോളനിയുടെ ഭാഗമായി ഹൈറേഞ്ച് കോളനൈസേഷന്‍ സ്‌കീം പ്രകാരം, വിവിധ സമുദായങ്ങള്‍ മുണ്ടിയെരുമയില്‍ ഭൂമി നല്‍കിയിട്ടുണ്ട്. ഇടുക്കിയില്‍, യാതൊരുവിധ ഭൂപ്രശ്‌നങ്ങളും ഇല്ലാത്ത ഭൂമി കൂടിയാണ് എച്ച്ആര്‍സി പട്ടയങ്ങള്‍.
Also read:ഇടുക്കിയിൽ നിയമം ലംഘിച്ച് തോട്ടഭൂമി മുറിച്ച് വില്‍ക്കുന്നുവെന്ന് പരാതി