ഇടുക്കി: മറയൂരില്‍ കാട്ടാന അക്രമണത്തില്‍ ഒരാള്‍ മരിച്ചു. തമിഴ്‌നാട് പുതുക്കോട്ട സ്വദേശി അക്ബറലിയാണ് മരിച്ചത്. റോഡില്‍ തമ്പടിച്ച കാട്ടാനയുടെ മുന്നില്‍പെട്ട അക്ബറലിയെ തുമ്പികൈക്ക് അടിച്ചുവീഴ്ത്തി നിലലത്തിട്ട് ചവിട്ടികൊലപ്പെടുത്തുകയായിരുന്നു.
'ഒന്നരക്കൊമ്പന്‍റെ' കലി; മറയൂരില്‍ കാട്ടാന ആക്രമണത്തില്‍ പുതുക്കോട്ട സ്വദേശി മരിച്ചു - അക്ബറലി
ഇടുക്കി മറയൂരില്‍ റോഡില്‍ തമ്പടിച്ച കാട്ടാനയുടെ ആക്രമണത്തില്‍ തമിഴ്‌നാട് പുതുക്കോട്ട സ്വദേശിക്ക് ദാരുണാന്ത്യം.
ഇന്നലെ (നവംബര്‍ രണ്ടിന്) രാത്രി പത്ത് മണിയോടെ മൂന്നാര്‍ ഉദുമല്‍പ്പേട്ട അന്തര്‍ സംസ്ഥാന പാതയില്‍ മറയൂരില്‍ നിന്നും പത്ത് കിലോമീറ്റര്‍ അകലെ ഇല്ലിമലയിലാണ് സംഭവം. ഒന്നര കൊമ്പനെന്ന് നാട്ടുകാര്‍ വിളിക്കുന്ന കാട്ടാന റോഡില്‍ തമ്പടിച്ചതോടെ ഇരുവശത്തേയ്ക്കുള്ള ഗതാഗതം ഒരു മണിക്കൂറോളം നിലച്ചിരുന്നു. പുതുക്കോട്ടയില്‍ നിന്നും മറയൂരിലേക്ക് വിനോദസഞ്ചാരത്തിനായെത്തിയ അക്ബറലി, ഗണേശന്‍, രാജകുമാര്‍ എന്നിവരും ഗതാഗതക്കുരുക്കില്‍ പെട്ടു. ഏറെ വൈകിയിട്ടും ഗതാഗതം പുനഃസ്ഥാപിക്കാത്തതിനാല്‍ വാഹനത്തില്‍ നിന്നും പുറത്തിറങ്ങിയ അക്ബറലി മുമ്പിലുള്ള വാഹനങ്ങള്‍ മറികടന്ന് കാട്ടാനയ്ക്ക് മുന്നില്‍ അകപ്പെടുകയായിരുന്നു.
അക്‌ബറലിയെ കണ്ട കാട്ടാന തുമ്പികൈക്ക് അടിച്ച് വീഴ്ത്തി നിലത്തിട്ട് ചവിട്ടുകയായിരുന്നു. ആക്രമണത്തെ തുടര്‍ന്ന് സംഭവസ്ഥലത്ത് വച്ച് തന്നെ അക്ബര്‍ അലി മരണപ്പെട്ടു. വിവരമറിഞ്ഞ് ചിന്നാര്‍ അസിസ്‌റ്റന്റ് വാര്‍ഡന്‍ നിതിന്‍ലാല്‍, മറയൂര്‍ ഡിഎഫ്ഒ എം.ജി വിനോദ് കുമാര്‍ ഉള്‍പ്പെടെയുള്ള വനപാലകസംഘവും മറയൂര്‍ എസ്എഫ്ഒ ഉള്‍പ്പെടെയുള്ള പൊലീസ് സംഘവും സ്ഥാനത്തെത്തി ഗതാഗതം നിയന്ത്രിച്ച് കാട്ടാനയെ കാട്ടിലേയ്ക്ക് തുരത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം മറയൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. ഇതിന് മുമ്പും ഒന്നര കൊമ്പന്‍റെ ആക്രമണത്തില്‍ മൂന്ന് പേര്‍ മരിച്ചിട്ടുണ്ട്.