ഇടുക്കി :മാലി മുളക് വില്‍ക്കാൻ വഴിയില്ലാതെ വലഞ്ഞ് ഇടുക്കിയിലെ കര്‍ഷകര്‍. വിള നശിക്കുന്നത് കണ്ടുനില്‍ക്കേണ്ട ഗതികേടിലാണിവര്‍. കാമാക്ഷി ഗ്രാമപഞ്ചായത്ത് നീലി വയലില്‍ 5 പേരടങ്ങുന്ന കർഷക കൂട്ടായ്മയാണ് മാലി മുളക് കൃഷി ഇറക്കിയത്. എന്നാല്‍ കൊവിഡ് ലോക്ക് ഡൗൺ മൂലം വിറ്റഴിക്കാൻ സാധിക്കാത്തതിനാല്‍ മുളക് നശിച്ചുപോകുകയാണ്.
എരിവ് കൂടുതലുള്ള ഇനമാണ് മാലി മുളക്. ഒരേക്കർ സ്ഥലം പാട്ടത്തിനെടുത്ത് 600ഓളം മാലി ചെടികളാണ് വച്ചത്. എന്നാൽ വിളവ് പാകമായപ്പോഴാണ് കൊവിഡിന്‍റെ രണ്ടാം വരവും ലോക്ക് ഡൗണും. ഇതോടെ മുളകിന്‍റെ വിപണനം പ്രതിസന്ധിയിലായി.
മുളക് എടുക്കാൻ കച്ചവടക്കാർ എത്താതായതോടെ പാകമായ മാലി മുളകുകൾ പഴുത്ത് നശിക്കുകയാണ്. പഴുത്തവ പറിച്ച് ഇവര്‍ കൃഷിയിടത്തിൽ കൂട്ടിയിട്ടിരിക്കുകയാണ്. നാളുകളുടെ അധ്വാനവും പ്രതീക്ഷയും കൺമുന്നില്‍ നശിക്കുമ്പോൾ നിസ്സഹായരായി നോക്കി നിൽക്കുകയാണ് കർഷകർ.