ഇടുക്കി:ചെമ്മണ്ണാറിലുണ്ടായ വൻ മലയിടിച്ചിലില്‍ നാല് ഏക്കറിലധികം വരുന്ന കൃഷിയിടം പൂർണമായി നശിച്ചു. ഇന്നലെ രാത്രി ഒരു മണിയോടെയാണ് സേനാപതി പഞ്ചായത്തിലെ പ്രതാപമേട് മലമുകളിൽ നിന്നും കൂറ്റൻ പാറക്കല്ലുകളും മണ്ണുമടക്കം താഴേക്ക് പതിച്ചത്. 500 അടിയോളം താഴേക്ക് ഉരുണ്ട് എത്തിയ പാറക്കല്ലുകൾ താഴ്ഭാഗത്തുള്ള വീടുകളുടെ സമീപം വരെയെത്തി.
ഇടുക്കി ചെമ്മണ്ണാറില്‍ വൻ മലയിടിച്ചില്‍ മരങ്ങളിലും മറ്റും തട്ടി പാറക്കല്ലുകൾ നിന്നതിനാൽ വൻ അപകടമാണ് ഒഴിവായത്. പാറക്കല്ലുകൾ പതിച്ച് ജലസേചനത്തിനായി നിർമ്മിച്ചിരുന്ന വലിയ പടുത കുളങ്ങൾ തകർന്നു. ഉരുള്‍പൊട്ടലിനു സമാനമായ അന്തരീക്ഷമാണ് ഉണ്ടായത്. നാല് ഏക്കറിലധികം വരുന്ന കൃഷിയിടം പൂർണമായും നശിച്ചു. മലമുകളിൽ നിന്നും ഇനിയും കൂറ്റൻ പാറക്കല്ലുകൾ താഴേക്ക് പതിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ വലിയ ഭീതിയോടെയാണ് മലയടിവാരത്തിലുള്ള നിരവധി കുടുംബങ്ങൾ കഴിഞ്ഞുകൂടുന്നത്.
രണ്ടുവർഷം മുമ്പ് സമാനമായ രീതിയിൽ മലമുകളിൽ നിന്നും കൂറ്റൻ പാറക്കല്ലുകൾ താഴേക്ക് പതിച്ചിരുന്നു. ഇവിടെയുണ്ടായിരുന്ന കുടിവെള്ള പദ്ധതിയും തകർന്നിരുന്നു. മലമുകളിൽ വേണ്ട പഠനം നടത്തുന്നതിനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അധികൃതർ വേണ്ട നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അടിയന്തിര ഇടപെടൽ ഉണ്ടാകുമെന്നും സ്ഥലം സന്ദർശിച്ച ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.എൻ മോഹനൻ പറഞ്ഞു. മണ്ണും പാറക്കല്ലുകളും പതിച്ച കൃഷിയിടങ്ങൾ പൂർവസ്ഥിതിയിലാക്കാൻ കഴിയാത്ത സാഹചര്യവുമുണ്ട്. അതുകൊണ്ടുതന്നെ കൃഷി നാശം സംഭവിച്ച കർഷകർക്ക് സർക്കാർ സഹായം ലഭ്യമാക്കുന്നതിനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
also read: ഇടുക്കി റവന്യൂ ഭൂമിയിലെ വൻമരങ്ങള്‍ ചിതലെടുത്ത് നശിക്കുന്നു