ഇടുക്കി: സംസ്ഥാനത്തേര്‍പ്പെടുത്തിയ മിനി ലോക്ക്ഡൗണില്‍ ഇടുക്കി ജില്ല നിശ്ചലമായി. ഇടുക്കിയിലെ ഗ്രാമീണ മേഖലകളിലടക്കം ജനങ്ങൾ പുറത്തിറങ്ങിയില്ല. അവശ്യ സര്‍വ്വീസുകള്‍ മാത്രമാണ് സര്‍വ്വീസ് നടത്തിയത്. പഴം, പച്ചക്കറി, മത്സ്യം, മാംസം എന്നിവ വിൽക്കുന്ന കടകൾ, ആശുപത്രികള്‍, മെഡിക്കല്‍ ഷോപ്പുകൾ എന്നിവയൊഴികെയെല്ലാം പൂര്‍ണ്ണമായി അടഞ്ഞുകിടക്കുകയാണ്.
കൊവിഡ് നിയന്ത്രണം; ഇടുക്കിയില്‍ അവശ്യ സർവീസുകൾ മാത്രം - കൊവിഡ്
സംസ്ഥാനത്തേര്‍പ്പെടുത്തിയ മിനി ലോക്ക്ഡൗണില്‍ ഇടുക്കി ജില്ലയിലും ഗ്രാമീണ മേഖലകളിലടക്കം ജനങ്ങൾ പുറത്തിറങ്ങിയില്ല. അവശ്യ സര്‍വ്വീസുകള്‍ മാത്രമാണ് സര്‍വ്വീസ് നടത്തിയത്.
അതിരാവിലെ തന്നെ ടൗണുകളിലടക്കം പൊലീസ് പരിശോധന ആരംഭിച്ചിരുന്നു. ചുരുക്കം ചില വാഹനങ്ങള്‍ മാത്രമാണ് നിരത്തുകളിലിറങ്ങിയത്. ടൗണുകള്‍ എല്ലാം വിജനമാണ്. ദീര്‍ഘദൂര ബസ് സര്‍വ്വീസുകള്‍ക്ക് മാത്രമാണ് അനുമതി നല്‍കിയിട്ടുള്ളത്. തുറന്ന് പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാനങ്ങളിലെ ജീവനക്കാർ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് സൂക്ഷിക്കണമെന്നും കര്‍ശന നിര്‍ദ്ദേശമുണ്ട്. എന്നാല്‍ നിയന്ത്രണങ്ങള്‍ ഏറ്റവും കൂടുതല്‍ തിരിച്ചടിയായി മാറിയത് ഇടുക്കിയിലെ തോട്ടം മേഖലയിലാണ്.
അതിര്‍ത്തിയില്‍ ശക്തമായ പരിശോധന കര്‍ശനമാക്കിയതോടെ തമിഴ് തോട്ടം തൊഴിലാളികളുടെ വരവ് നിലച്ചതാണ് തോട്ടം പരിപാലനം നിലക്കാന്‍ കാരണം. അതുകൊണ്ട് തന്നെ തോട്ടം തൊഴിലാളികളെ ചെക്ക് പോസ്റ്റ് കടത്തി വിടുന്നതിന് സര്‍ക്കാര്‍ തലത്തില്‍ ഇടപെടല്‍ ഉണ്ടാകണമെന്ന ആവശ്യവും ശക്തമാണ്. ദിവസേന ആയിരത്തിലധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ജില്ലയില്‍ കഴിഞ്ഞദിവസം രോഗികളുടെ എണ്ണം അഞ്ഞൂറില്‍ താഴെയെത്തിയതും ആശ്വാസം പകരുന്നതാണ്.