ഇടുക്കി:വാഴയിലയില്‍ ഉഗ്രന്‍ ഊണ്, ഒപ്പം നല്ല പഴുത്ത പേരയ്ക്ക, പപ്പായ മറ്റ് പഴവര്‍ഗങ്ങള്‍. ഇടുക്കി രാമക്കല്‍മേട്ടിലെ വാനരന്മാര്‍ക്ക് കൊവിഡ് കാലത്ത് ലഭ്യമാക്കുന്ന വിരുന്ന് ഇതൊക്കെയാണ്. വിനോദ സഞ്ചാരികളില്‍ നിന്നും ലഭിച്ചിരുന്ന ഭക്ഷണത്തെ ആശ്രയിച്ച് കഴിഞ്ഞിരുന്ന വാനരന്മാര്‍ പട്ടിണിയാവാതിരിക്കാനും, കാര്‍ഷിക മേഖലയിലേയ്ക്ക് കടന്ന് കയറാതിരിക്കാനുമാണ് നാട്ടുകാരുടെ നേതൃത്വത്തില്‍ വിരുന്ന് ഒരുക്കുന്നത്.
വാനരന്മാർക്ക് ഊണൊരുക്കി കൊവിഡ് റാപ്പിഡ് റെസ്‌പോണ്‍സ് ടീം രാമക്കല്‍മേട്ടില്‍ എത്തുന്ന സഞ്ചാരികളായിരുന്നു വാനരന്മാരുടെ പ്രധാന അന്നദാതാക്കള്‍. മേഖലയിലെ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും ഇവര്‍ക്ക് ഭക്ഷണ വസ്‌തുക്കള്‍ ലഭിച്ചിരുന്നു. ലോക്ക് ഡൗണ്‍ ആയതോടെ സഞ്ചാരികളുടെ വരവ് നിലച്ചു. വാനരന്മാര്‍ പട്ടിണിയിലുമായി. വേനല്‍കാലമായതിനാല്‍ വന മേഖലയില്‍ ആവശ്യത്തിന് ഭക്ഷ്യ വസ്‌തുക്കള്‍ ലഭ്യവുമല്ല. ഈ സാഹചര്യത്തിലാണ് രാമക്കല്‍മേട് കൊവിഡ് റാപ്പിഡ് റെസ്‌പോണ്‍സ് ടീമിന്‍റെ നേതൃത്വത്തില്‍ വാന്മാര്‍ക്ക് ഭക്ഷണം എത്തിച്ച് തുടങ്ങിയത്.
Also read:ഈ സ്നേഹത്തിന് മുന്നില്‍ പൊലീസ് തോറ്റു, പുലാമന്തോളില്‍ നിന്നൊരു സുന്ദര കാഴ്ച
മഴയില്ലാത്ത ദിവസങ്ങളിൽ എല്ലാം കുരങ്ങന്മാര്‍ക്കുമുള്ള ഉച്ച ഭക്ഷണവുമായി റാപ്പിഡ് റെസ്‌പോണ്‍സ് ടീം എത്തും. റോഡരുകില്‍ വാഴയിലയില്‍ വിളമ്പുന്ന ഭക്ഷണം ഇവര്‍ കൂട്ടമായി എത്തി ഭക്ഷിയ്ക്കും. മഴയുള്ളപ്പോള്‍ കുരങ്ങന്മാര്‍ വനത്തിനുള്ളില്‍ നിന്ന് അധികം പുറത്തേയ്ക്ക് വരാറില്ല. ഭക്ഷണം ലഭ്യമാകാതിരുന്നാല്‍ നൂറുകണക്കിന് വാനരന്മാര്‍ കൂട്ടത്തോടെ കൃഷിയിടങ്ങളിലേയ്ക്ക് ഇറങ്ങാന്‍ സാധ്യതയുണ്ട്. ഏലവും വാഴയും അടക്കമുള്ള എല്ലാ വിളകളും നശിപ്പിയ്ക്കും. നിലവില്‍ ഭക്ഷണം എത്തിച്ച് നല്‍കുന്നതിനാല്‍ കൃഷിയിടങ്ങളിലേയ്ക്കുള്ള ആക്രമണവും കുറയ്ക്കാനായിട്ടുണ്ട്.
വാനരന്മാര്‍ക്കൊപ്പം മേഖലയിലെ തെരുവ് നായ്ക്കള്‍ക്കും ഇവര്‍ ഭക്ഷണം വിളമ്പാറുണ്ട്. കേരള-തമിഴ്‌നാട് അതിര്‍ത്തി ഗ്രാമമായ രാമക്കല്‍മേട്ടില്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീമിന്‍റെ നേതൃത്വത്തില്‍ കൊവിഡ് പ്രതിരോധത്തിനായി നിരവധി പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്. ഓരോ രോഗിയ്ക്കും ആവശ്യമായ മരുന്നുകളും കിറ്റുകളും എത്തിച്ച് നല്‍കും. സമാന്തരപാതകളിലൂടെ തമിഴ്‌നാട്ടില്‍ നിന്നും അനധികൃതമായി ആളുകള്‍ കടന്ന് വരുന്നത് തടയാന്‍ പൊലിസിനൊപ്പവും ഇവര്‍ പങ്കാളികളാകുന്നുണ്ട്.
Also read:കോഴിക്കോട് സാധാരണക്കാരന് തുണയായി ജനകീയ ഹോട്ടലുകൾ