ഇടുക്കി: ഇടുക്കി ജില്ലയിലെ ഹൈറേഞ്ച് മേഖലയിലെ ഏലതോട്ടങ്ങളിൽ തൊഴിലാളി ക്ഷാമം. കൊവിഡ് വ്യാപനത്തെ തുടർന്ന് തമിഴ്‌നാട്ടില്‍ നിന്ന് തൊഴിലാളികൾ എത്തുന്നത് നിലച്ചതോടെ ഹൈറേഞ്ചിലെ വിളവെടുപ്പ് പ്രതിസന്ധിയിലായി. പ്രാദേശിക തൊഴിലാളികളെ ഉപയോഗിച്ച് വിളവെടുപ്പ് നടത്തുന്നുണ്ടെങ്കിലും അത് പൂർണമായി വിജയകരമല്ലെന്ന് കർഷകർ പറയുന്നു. ഇതോടെ വിളവെടുപ്പിന് പാകമായ കായ പഴുത്ത് നഷ്‌ടപ്പെടുകയാണ്. ഒപ്പം എലി, അണ്ണാൻ അടക്കമുള്ള ജീവികളുടെ ശല്യവും രൂക്ഷമാണ്. ഇതിനിടെ ബൈസൺവാലിയിൽ ഇതര സംസ്ഥാന തൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിച്ചതും പ്രതിസന്ധി രൂക്ഷമാക്കി.
വിളവെടുപ്പിന് ആളില്ല: ഹൈറേഞ്ച് കൃഷിയുടെ താളം തെറ്റുന്നു
ഒരു ദിവസം ഇരുപതോളം പേർ ജോലി ചെയ്‌തിരുന്ന തോട്ടങ്ങളിൽ രണ്ടും മൂന്നും തൊഴിലാളികളാണ് ഇപ്പോൾ വിളവെടുപ്പ് നടത്തുന്നത്. രാജകുമാരി, രാജാക്കാട്, ശാന്തമ്പാറ, സേനാപതി, ബൈസൺവാലി തുടങ്ങി നിരവധി പഞ്ചായത്തുകളിൽ പ്രതിസന്ധി തുടരുകയാണ്.
ഒരു ദിവസം ഇരുപതോളം പേർ ജോലി ചെയ്‌തിരുന്ന തോട്ടങ്ങളിൽ രണ്ടും മൂന്നും തൊഴിലാളികളാണ് ഇപ്പോൾ വിളവെടുപ്പ് നടത്തുന്നത്. രാജകുമാരി, രാജാക്കാട്, ശാന്തമ്പാറ, സേനാപതി, ബൈസൺവാലി തുടങ്ങി നിരവധി പഞ്ചായത്തുകളിൽ പ്രതിസന്ധി തുടരുകയാണ്. ജില്ലയിൽ ഏറ്റവുമധികം കൊവിഡ് രോഗികളുള്ള രാജാക്കാട് പഞ്ചായത്തിൽ ട്രിപ്പിൾ ലോക്ക് ഡൗണാണ്. ഇവിടെ കാർഷിക മേഖല നിശ്ചലമാണ്. തൊഴിലാളി ക്ഷാമം രൂക്ഷമായതോടെ സ്ത്രീകൾക്കൊപ്പം പുരുഷന്മാരും വിളവെടുപ്പ് നടത്തുന്നുണ്ട്. വിളവെടുപ്പ് നടന്നില്ലെങ്കില്‍ വലിയ സാമ്പത്തിക പ്രതിസന്ധിയെ നേരിടേണ്ട അവസ്ഥയിലാണ് കർഷകർ.