കേരളം

kerala

ETV Bharat / state

മഴക്കെടുതി നേരിടാന്‍ ഇടുക്കി, എറണാകുളം ജില്ലകള്‍ സജ്ജം; ഇടപെടലുമായി ജില്ല ഭരണകൂടങ്ങള്‍

ഇടുക്കിയിലെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കുള്ള മുന്‍കരുതല്‍ നിര്‍ദേശം ജില്ല കലക്‌ടര്‍ ഷീബ ജോര്‍ജ് പുറപ്പെടുവിച്ചു. എറണാകുളത്തെത്തിയ ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങൾ ജില്ല കലക്‌ടര്‍ ജാഫർ മാലിക്കുമായി ചർച്ച നടത്തി.

Idukki  Ernakulam  rain disaster  District administrations  active involvement  മഴക്കെടുതി  ഇടുക്കി  എറണാകുളം  ജില്ല ഭരണകൂടങ്ങള്‍
മഴക്കെടുതിയെ നേരിടാന്‍ സജ്ജമായി ഇടുക്കി, എറണാകുളം ജില്ലകള്‍; സജീവ ഇടപെടലുമായി ജില്ല ഭരണകൂടങ്ങള്‍

By

Published : Oct 12, 2021, 8:37 PM IST

Updated : Oct 12, 2021, 9:39 PM IST

ഇടുക്കി/എറണാകുളം: കേന്ദ്ര കാലാവസ്ഥ വിഭാഗം ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ ഇടുക്കിയില്‍ എല്ലാ വകുപ്പുകളുടെയും തദ്ദേശ ഭരണ സ്ഥാപനങ്ങളുടേയയും നേതൃത്വത്തില്‍ മുന്നൊരുക്കം നടത്തിയിട്ടുണ്ടെന്ന് ജില്ല കലക്‌ടര്‍ ഷീബ ജോര്‍ജ്. സ്ഥിതിഗതികള്‍ സദാ വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്. മുന്നറിയിപ്പ് ബോര്‍ഡുകള്‍ എല്ലാം ഭദ്രമാണെന്ന് അധികൃതര്‍ ഉറപ്പു വരുത്തണമെന്നും കലക്‌ടര്‍ നിര്‍ദേശം നല്‍കി.

ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇടുക്കിയില്‍ ജാഗ്രത മുന്നൊരുക്കം നടത്തിയിട്ടുണ്ടെന്ന് ജില്ല കലക്‌ടര്‍ ഷീബ ജോര്‍ജ്.

ഒക്‌ടോബര്‍ 14 വരെയാണ് കേന്ദ്ര കാലാവസ്ഥ വിഭാഗം ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. പൂജാ അവധി ആയതിനാല്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ തിരക്ക് കൂടാന്‍ സാധ്യതയുണ്ട്. മണ്ണിടിച്ചില്‍, മലവെള്ള സാധ്യതയുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. റോഡുകളിലേക്ക് നീണ്ടു നില്‍ക്കുന്ന വൃക്ഷ തലപ്പുകള്‍ ഉടന്‍ വെട്ടി ഒതുക്കേണ്ടതുണ്ടെന്നും ജില്ല കലക്‌ടര്‍ ഷീബ ജോര്‍ജ് നിര്‍ദേശം നല്‍കി.

'മുന്നറിയിപ്പ് അവഗണിയ്‌ക്കരുത്'

വൈദ്യുതി തൂണ്‍ ഒടിഞ്ഞ് വീണും, വൈദ്യുതി കമ്പി പൊട്ടി വെള്ളത്തില്‍ വീണും അപകടമുണ്ടാകാതിരിക്കാന്‍ വൈദ്യുതി വകുപ്പ് ജാഗ്രത പാലിക്കേണ്ടതുണ്ട്. വെള്ളച്ചാട്ടത്തിലിറങ്ങുന്നത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കണം. മുന്നറിയിപ്പ് ബോര്‍ഡ് അവഗണിച്ച് ആരും വെള്ളത്തിലിറങ്ങരുത്. സുരക്ഷിത മേഖലയിലല്ലാത്തതും കാഴ്‌ച മറയ്ക്കുന്നതും, ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നതുമായ വാഹന പാര്‍ക്കിങ് കര്‍ശനമായി നിയന്ത്രിയ്‌ക്കും.

രാത്രികാല യാത്ര ജില്ലയില്‍ നിരോധിച്ചിട്ടുണ്ട്. നൈറ്റ് സഫാരി, ജലാശയ വിനോദം, ജാക്കറ്റില്ലാതെയുള്ള മീന്‍ പിടുത്തം എന്നിവയും ഈ കാലയളവില്‍ ഒഴിവാക്കണം. ദുരന്ത പ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട എല്ലാ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കും ജാഗ്രത പാലിക്കാനും കണ്‍ട്രോള്‍ റൂം തുറന്ന് സ്ഥിതിഗതി വിലയിരുത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ജില്ലാ കലക്‌ടര്‍ പറഞ്ഞു.

വൈകിട്ട് അഞ്ച് മണി മുതല്‍ രാവിലെ ആറ് മണി വരെ ദേവികുളം ഗ്യാപ് റോഡ് യാത്ര നിരോധിക്കും. കൊവിഡ് ചികിത്സ മുടങ്ങാതിരിക്കാന്‍ ചികിത്സ ലഭ്യമാക്കുന്ന ആശുപത്രികളില്‍ വൈദ്യുതി വിതരണം തടസമില്ലാതെ ലഭ്യമാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. ഇതിനായി ആശുപത്രികളില്‍ ഉടനടി ജനറേറ്ററുകള്‍ സ്ഥാപിക്കണം. വൈദ്യുത ബന്ധത്തില്‍ തകരാറുകള്‍ വരുന്ന മുറയ്ക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹാരം കണ്ടെത്താനുള്ള തയ്യാറെടുപ്പുകള്‍, ആവശ്യമായ ടാസ്‌ക് ഫോഴ്‌സുകള്‍ തുടങ്ങിയവ വൈദ്യുത വകുപ്പ് മുന്‍കൂട്ടി സജ്ജമാക്കി നിര്‍ത്തണം.

'ആളുകളെ നേരത്തേ മാറ്റി താമസിപ്പിക്കണം'

സംസ്ഥാനത്തെ ആശുപത്രികളില്‍ വൈദ്യുതി മുടങ്ങുന്നില്ലെന്ന് വൈദ്യുതി വകുപ്പും, ആരോഗ്യ വകുപ്പും ഉറപ്പാക്കണം. ദുരന്ത സാധ്യത മുന്നില്‍ കണ്ട് ദുരന്ത പ്രതികരണത്തിനായി ആവശ്യമായ സാമഗ്രികള്‍ സജ്ജമാക്കി വെക്കേണ്ടതാണ്. ഉരുള്‍പൊട്ടല്‍/മണ്ണിടിച്ചില്‍, വെള്ളപ്പൊക്ക ദുരന്ത സാധ്യത മേഖലകളില്‍ അടിയന്തരമായി ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കണം. മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ ഓറഞ്ച് ബുക്ക് 2020 ല്‍ വള്‍നറബിള്‍ ഗ്രൂപ്പ് എന്ന് അടയാളപ്പെടുത്തിയിരിക്കുന്ന (പേജ് നമ്പര്‍ 58, ഓറഞ്ച് ബുക്ക് 2020) വിഭാഗങ്ങള്‍ക്കായി ക്യാമ്പുകള്‍ തയ്യാറാക്കി ആവശ്യമായ ഘട്ടങ്ങളില്‍ ആളുകളെ മുന്‍കൂട്ടി മാറ്റി താമസിപ്പിക്കണം.

ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്‌ധ സമിതി എന്നിവര്‍ ഉരുള്‍പൊട്ടല്‍/മണ്ണിടിച്ചില്‍ സാധ്യതയുണ്ടെന്ന് കണ്ടെത്തിയ പ്രദേശങ്ങളില്‍ അടിയന്തരമായി ക്യാമ്പുകള്‍ സജ്ജമാക്കി ജനങ്ങള്‍ക്ക് 'മൈക്ക് അനൗണ്‍സ്‌മെന്‍റ്' വഴി വിവരം നല്‍കുകയും ജനങ്ങളെ മുന്‍കരുതലിന്‍റെ ഭാഗമായി മാറ്റി താമസിപ്പിക്കുകയും ചെയ്യേണ്ടതാണ്. അപകട സാഹചര്യത്തിന്‍റെ ഗൗരവം ഉള്‍ക്കൊണ്ട് പൊതുജനങ്ങളെ മാറ്റിത്താമസിപ്പിക്കാന്‍ നിര്‍ബന്ധിതമായ ഇടപെടല്‍ ഉണ്ടാകേണ്ടതാണ്. ക്യാമ്പുകള്‍ സജ്ജമാക്കേണ്ടത് കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ടായിരിക്കണം.

'ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ അനാവശ്യമായ പാര്‍ക്കിങ് ഒഴിവാക്കുക'

മഴ ശക്തിപ്പെട്ട് തുടങ്ങുന്നതോടെ പശ്ചിമഘട്ട മലയോര മേഖലയിലേക്കുള്ള ഗതാഗതം വൈകിട്ട് ഏഴ് മണി മുതല്‍ രാവിലെ ആറ് മണി വരെ നിയന്ത്രിക്കേണ്ടതാണ്. ജില്ല, താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ 24x7 മണിക്കൂറും ജാഗരൂകരായി പ്രവര്‍ത്തിക്കേണ്ടതാണ്. പൊലീസും അഗ്നിരക്ഷ സേനയും അതീവ ജാഗ്രതയോടെ അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ തയ്യാറായിരിക്കണം. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സേനയും സിവില്‍ ഡിഫെന്‍സും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സജ്ജരായിരിക്കേണ്ടതാണ്.

നദികളിലെ ജലനിരപ്പ് സൂക്ഷ്‌മമായി നിരീക്ഷിക്കുകയും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയെ യഥാസമയം അറിയിക്കുകയും ചെയ്യേണ്ടതാണ്. ദേവികുളം ഗ്യാപ് റോഡില്‍ വൈകിട്ട് അഞ്ച് മണി മുതല്‍ രാവിലെ ആറ് മണി വരെ യാത്ര നിരോധിക്കും. അപകട സാധ്യതയുള്ള വെള്ളച്ചാട്ടങ്ങള്‍, മറ്റ് ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ അടിയന്തരമായി അപായ സുചന ബോര്‍ഡുകള്‍ സ്ഥാപിക്കും. ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ അനാവശ്യമായ പാര്‍ക്കിങ് ഒഴിവാക്കുക.

വൈദ്യുതി വകുപ്പിന് പ്രത്യേക നിര്‍ദേശം

ജാഗ്രതാ നിര്‍ദേശമുള്ള ദിവസങ്ങളില്‍ ജലാശയങ്ങളിലെ ടൂറിസം ഒഴിവാക്കുക. ജലാശയങ്ങളില്‍ മത്സ്യബന്ധനത്തിന് പോകുന്നവര്‍ നിര്‍ബന്ധമായും ലൈഫ് ജാക്കറ്റ് ധരിക്കണമെന്നും ജില്ല ദുരന്ത നിവാരണ സമിതി അധ്യക്ഷ ജില്ല കലക്‌ടര്‍ ഷീബ ജോര്‍ജ് നിര്‍ദേശിച്ചു. ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും, ചില്ലകള്‍ ഒടിഞ്ഞു വീണും, പോസ്റ്റുകള്‍ തകര്‍ന്നും വൈദ്യുത കമ്പികള്‍ പൊട്ടാനും ഷോക്കേറ്റ് ആളുകള്‍ക്ക് അപകടം സംഭവിക്കാനുമുള്ള സാധ്യതയുണ്ട്. ഇത്തരം അപകടങ്ങള്‍ ലഘൂകരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ അടിയന്തരമായി സ്വീകരിക്കാന്‍ ജില്ല കലക്‌ടര്‍ വൈദ്യുതി വകുപ്പിനുള്ള പ്രത്യേക നിര്‍ദേശം നല്‍കി.

കണ്‍ട്രോള്‍ റൂം 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കേണ്ടതാണ്. ലൈനുകളുടെയും ട്രാന്‍സ്‌ഫോമറുകളുടെയും അപകട സാധ്യതകള്‍ പരിശോധിച്ച് മുന്‍കൂര്‍ നടപടികള്‍ ആവശ്യമുള്ളയിടത്ത് പൂര്‍ത്തീകരിക്കേണ്ടതാണ്. താഴ്ന്ന പ്രദേശങ്ങളില്‍ സ്ഥിതി ചെയ്യുന്ന വൈദ്യുത പവര്‍ ഹൗസുകളിലും മറ്റ് പ്രധാന സ്ഥാപനങ്ങളിലും വെള്ളം കയറാനുള്ള സാധ്യത മുന്നില്‍ കണ്ടുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണം. അണക്കെട്ടുകളില്‍ ജലനിരപ്പ് സൂക്ഷ്‌മമായി നിരീക്ഷിക്കുകയും സ്ഥിതിഗതികള്‍ ജില്ല - സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റികളെ യഥാസമയം അറിയിക്കുകയും ചെയ്യുക.

പ്രസ്‌തുത സാഹചര്യത്തില്‍ ദുരന്തനിവാരണ ചുമതലകളിലുള്ള ഉദ്യോഗസ്ഥര്‍ ജില്ലയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള മുന്നറിയിപ്പ് പിന്‍വലിക്കുംവരെ അവരവരുടെ ആസ്ഥാനം വിട്ട് പോകാന്‍ പാടില്ല. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, കാലവസ്ഥ നിരീക്ഷണ കേന്ദ്രം എന്നിവിടങ്ങളില്‍ നിന്നും അതാത് സമയങ്ങളില്‍ നല്‍കുന്ന അലര്‍ട്ടുകള്‍ ജില്ല തല നോഡല്‍ ഓഫിസര്‍മാരുടെ ഔദ്യോഗിക വാട്ട്സ്‌ആപ്പ് ഗ്രൂപ്പിലും ഓഫിസര്‍മാരുടെ ഇ-മെയില്‍ വിലാസത്തിലും ലഭ്യമാക്കും. അത് കൃത്യമായി പരിശോധിച്ച് അടിയന്തര നടപടികള്‍ സ്വീകരിക്കേണ്ടതുമാണെന്നും ജില്ല കലക്‌ടര്‍ ഷീബ ജോര്‍ജ് നിര്‍ദേശിച്ചു.

കണ്‍ട്രോള്‍ റൂം ഫോണ്‍ നമ്പറുകള്‍

പീരുമേട് താലൂക്ക് - 04869232077, ഉടുമ്പന്‍ചോല താലൂക്ക് -04868232050, ദേവികുളം താലൂക്ക് - 04865264231, ഇടുക്കി താലൂക്ക് - 04862235361, തൊടുപുഴ താലൂക്ക് - 04862222503, ജില്ലാ ദുരന്ത നിവാരണ സമിതി(ഡി.ഇ.ഒ.സി) ഇടുക്കി - 04862233111, 04862233130, 9383463036.

എറണാകുളം ജില്ലയിലും ശക്തമായ ജാഗ്രത

ദേശീയ ദുരന്ത നിവാരണ സേന എറണാകുളം ജില്ലയിലെത്തി. കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മഴ മുന്നറിയിപ്പിനെ തുടർന്ന് അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനായാണ് ദേശീയ ദുരന്ത നിവാരണ സേന ജില്ലയിലെത്തിയത്. കാക്കനാട് യൂത്ത് ഹോസ്റ്റലിലാണ് 22 അംഗ സംഘം ക്യാമ്പ് ചെയ്യുന്നത്. ഫീൽഡ് കമാൻഡർ രാം ബാബു സബ് ഇൻസ്പെക്‌ടര്‍ പ്രമോദ് എന്നിവരാണ് സംഘത്തെ നയിക്കുന്നത്.

സേനാംഗങ്ങൾ ജില്ല കലക്‌ടര്‍ ജാഫർ മാലിക്കുമായി ചർച്ച നടത്തി. തുടർന്ന്, പറവൂർ താലൂക്കിലെ പുത്തൻവേലിക്കര പ്രദേശം സംഘം സന്ദർശിച്ചു. അതേസമയം, എറണാകുളം ജില്ലയിലെ കിഴക്കൻ മേഖലയിൽ മഴ ശക്തമായി തുടരുകയാണ്. അപകട ഭീഷണിയുള്ളവരെ മാറ്റി പാർപ്പിക്കുന്നതിന് വേണ്ടി ജില്ല ഭരണകൂടം ക്യാമ്പുകൾ തുറക്കുന്നതിന് നടപടി തുടങ്ങി. കൊച്ചി നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറിയിട്ടുണ്ട്.

ALSO READ:മലപ്പുറത്ത് കനത്ത മഴയിൽ വീട് തകർന്ന് രണ്ട് മരണം

Last Updated : Oct 12, 2021, 9:39 PM IST

ABOUT THE AUTHOR

...view details