അടിമാലിയില്‍ ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം ഇടുക്കി:അടിമാലിയില്‍ ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. മലപ്പുറം സ്വദേശി മില്‍ഹാജാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ നാട്ടുകാര്‍ നടത്തിയ പരിശോധനയില്‍ ബസിനടിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്
അപകടത്തില്‍ നാല്‍പ്പതോളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തിരൂര്‍ റീജിയണല്‍ കോളജില്‍ നിന്ന് വിനോദയാത്രയ്‌ക്കെത്തിയ സംഘം സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്.
യാത്ര കഴിഞ്ഞ് മടങ്ങവെ ഇന്ന് പുലര്‍ച്ചെ 1.15ന് കല്ലാര്‍കൂട്ടി മൈലാടും പാറ പാതയിലെ തിങ്കള്‍ക്കാടിന് സമീപത്തായാണ് അപകടമുണ്ടായത്. തിങ്കള്‍ക്കാടിന് സമീപം കൊടും വളവിലും കുത്തനെയുള്ള ഇറക്കത്തിലും നിയന്ത്രണം വിട്ട ബസ് കൊക്കയിലേക്ക് മറിയുകയായിരുന്നു. വലിയ ശബ്‌ദം കേട്ടെത്തിയ നാട്ടുകാരുടെ നേതൃത്വത്തിലായിരുന്നു ആദ്യം രക്ഷാപ്രവര്‍ത്തനം.
തുടര്‍ന്ന് ഫയര്‍ ഫോഴ്‌സും വിവിധ സ്റ്റേഷനുകളില്‍ നിന്നുള്ള പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. രണ്ട് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് അപകടത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയത്. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.
ഇയാളെ വിദഗ്‌ധ ചികിത്സക്കായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇടുക്കി എസ്‌പി വി.യു കുര്യാക്കോസ്, ജില്ല കലക്‌ടര്‍ ഷിബ ജോര്‍ജ്ജ് എന്നിവര്‍ നേരിട്ടെത്തിയാണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചത്. വീതി കുറഞ്ഞ റോഡിലൂടെ ഡ്രൈവര്‍ക്ക് വാഹനം ഓടിക്കുന്നതിലുള്ള പരിചയക്കുറവാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
അതേസമയം, അപകടങ്ങള്‍ പ്രദേശത്ത് നിത്യ സംഭവമാണെന്നും അശാസ്ത്രീയമായ റോഡ് നിര്‍മാണമാണ് അപകടങ്ങള്‍ക്ക് കാരണമെന്നും നിരവധി തവണ പരാതി നല്‍കിയിട്ടും വേണ്ട നടപടി സ്വീകരിക്കുന്നില്ലെന്നും രക്ഷാപ്രവര്‍ത്തനത്തിനെത്തിയ നാട്ടുകാര്‍ ആരോപിച്ചു.