ഇടുക്കി :കാടിനുള്ളിൽ തുറന്നുവിട്ട അരിക്കൊമ്പൻ ചിന്നക്കനാലിലേക്ക് തിരികെ വരാൻ സാധ്യത ഇല്ലേയെന്ന് ഹൈക്കോടതി. പുതിയ ഭക്ഷണരീതി ശീലമാകും വരെ ഇത്തരം സാധ്യത മുന്നിൽ കാണണമെന്ന് നിരീക്ഷിച്ച കോടതി കൃത്യമായ നിരീക്ഷണം തുടരണമെന്നും വനം വകുപ്പിന് നിർദേശം നൽകി. അരിക്കൊമ്പനെ പിടികൂടിയ ദൗത്യ സംഘത്തിന് അഭിനന്ദനങ്ങള്‍ അറിയിച്ചുകൊണ്ടായിരുന്നു കോടതിയുടെ പരാമര്‍ശം.
അരിക്കൊമ്പൻ ദൗത്യത്തിൽ തൃപ്‌തി രേഖപ്പെടുത്തിയ ഹൈക്കോടതി, ദൗത്യ സംഘത്തിലെ മുഴുവൻ അംഗങ്ങളെയും അഭിനന്ദിച്ച് കത്തയച്ചു. മനുഷ്യ- മൃഗ സംഘർങ്ങൾ പരിഹരിക്കാൻ വിദഗ്‌ധ സമിതി രൂപീകരിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. അരിക്കൊമ്പൻ ദൗത്യത്തിൽ പങ്കാളികളായ മുഴുവൻ അംഗങ്ങളെയും അഭിസംബോധന ചെയ്‌താണ് ജസ്‌റ്റിസ് ജയശങ്കരൻ നമ്പ്യാര്‍ അഭിനന്ദന കത്തയച്ചത്.
അരിക്കൊമ്പന്‍ മടങ്ങിയെത്താനുള്ള സാധ്യതയുണ്ടെന്ന് കോടതി :സഹാനുഭൂതിയോടെ ദൗത്യം നിറവേറ്റിയത് മനുഷ്യത്വപരമായ അടയാളമായെന്ന് ദൗത്യസേനയ്ക്ക് നന്ദി പറഞ്ഞുള്ള കത്തിൽ ജസ്‌റ്റിസ് വ്യക്തമാക്കി. എന്നാൽ, വെള്ളവും ഭക്ഷണവും തേടി അരിക്കൊമ്പൻ ചിന്നക്കനാലിലേക്ക് തിരികെ വരാനുള്ള സാധ്യത കോടതി വിശദമായി ആരാഞ്ഞു. പുതിയ ആവാസ വ്യവസ്ഥയോട് ശീലമാകും വരെ റേഷൻ കടകൾ തേടി കൊമ്പൻ ഇറങ്ങാനുള്ള സാധ്യത ഉള്ളതിനാൽ പ്രത്യേക നിരീക്ഷണം ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു.
റേഡിയോ കോളർ വഴി നിരീക്ഷണം ഉറപ്പ് വരുത്തുന്നുണ്ടെന്നും തമിഴ്‌നാട് വനാതിർത്തിയിലാണ് അരിക്കൊമ്പന്‍ നിലവിലുള്ളതെന്നും വനം വകുപ്പ് കോടതിയെ അറിയിച്ചു. വിഷയത്തിൽ ദീർഘകാല പരിഹാരമാണ് വേണ്ടതെന്നും നിയമവിരുദ്ധമായ കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കാനും, മൃഗങ്ങളുടെ ആവാസ വ്യവസ്ഥ നിലനിർത്താനും ശ്രമങ്ങൾ ഉണ്ടാകണമെന്നും കോടതി വീണ്ടും ഓർമിപ്പിച്ചു. ഇതിനായി ടാസ്‌ക് ഫോഴ്‌സ് സംബന്ധിച്ച് പഠിക്കാൻ വിദഗ്‌ധ സമിതി രൂപീകരിക്കണമെന്നും കോടതി പറഞ്ഞു.