ഇടുക്കി: അരിക്കൊമ്പൻ ദൗത്യത്തിനെതിരെ ഹൈക്കോടതിയെ സമീപച്ചത് വനം വകുപ്പിന്‍റെ അറിവോടെയുള്ള സംഘടന എന്ന് സംശയിക്കുന്നതായി നാട്ടുകാർ. ദൗത്യം നടപ്പിലാക്കിയില്ലെങ്കിൽ ജനവാസ മേഖലയില്‍ ഇറങ്ങുന്ന വന്യ മൃഗങ്ങളെ സ്വയം നേരിടുമെന്നും ചിന്നക്കനാൽ നിവാസികൾ പറഞ്ഞു. ജനവാസ മേഖലയില്‍ ആക്രമണം നടത്തുന്ന അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം താത്കാലികമായി നിർത്തി വച്ചതിൽ പ്രതിഷേധം രൂക്ഷമാകുകയാണ്.
സംസ്ഥാനത്ത്, ഏറ്റവും അധികം കാട്ടാന ആക്രമണം നേരിടുന്ന പ്രദേശങ്ങളാണ് ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകൾ. രണ്ട് പതിറ്റാണ്ടിനിടെ 43 ജീവനാണ് ഇവിടെ ആനക്കലിയിൽ പൊലിഞ്ഞത്. തുടർച്ചയായ ജനകീയ സമരങ്ങളെ തുടർന്നാണ് കൂട്ടത്തില്‍ ഏറ്റവും അപകടകാരിയായ അരിക്കൊമ്പനെ പിടികൂടുന്നതിനുള്ള ദൗത്യം വനം വകുപ്പ് ആരംഭിച്ചത്.
ദൗത്യത്തിനായി സകല സന്നാഹങ്ങളും വനം വകുപ്പ് ഒരുക്കി. അരിക്കൊമ്പനെ മയക്കുവെടി വച്ച് പിടികൂടി കുങ്കിയാനകളുടെ സഹായത്തോടെ ലോറിയില്‍ കയറ്റി കൊണ്ടുപോകാനുള്ള നീക്കമാണ് വനം വകുപ്പ് പദ്ധതിയിട്ടത്. അതിനായി വയനാട്ടില്‍ നിന്നും വിക്രം, സൂര്യന്‍ എന്നീ കുങ്കിയാനകളെയും എത്തിച്ചിരുന്നു. മാര്‍ച്ച് 25 ന് മയക്കുവെടി വയ്‌ക്കാനുള്ള തയാറെടുപ്പിലായിരുന്നു വനപാലകര്‍. 25 ലെ ദൗത്യം പരാചയപ്പെട്ടാല്‍ 26 ന് മറ്റൊരു ശ്രമം കൂടി നടത്താനും തീരുമാനിച്ചിരുന്നു.
എന്നാൽ ദൗത്യം പൂർത്തീകരിയ്ക്കുന്നതിന് ഏതാനും ദിവസങ്ങൾ ബാക്കി നില്‍ക്കെ അരിക്കൊമ്പനെ പിടികൂടുന്നതിനുള്ള നടപടികള്‍ ഹൈക്കോടതി ഇന്നലെ സ്റ്റേ ചെയ്‌തു. അരിക്കൊമ്പനെ പിടികൂടുന്നതില്‍ വനം വകുപ്പ് തെറ്റായ നടപടികള്‍ സ്വീകരിക്കുന്നു എന്ന് ആരോപിച്ച് മൃഗ സംരക്ഷണ സംഘടനയുടെ പേരില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി. അരിക്കൊമ്പനെ മനുഷ്യവാസം ഇല്ലാത്ത മേഖലയില്‍ തുറന്ന് വിടണമെന്ന പ്രധാന ആവശ്യവും ഹര്‍ജിയില്‍ ഉണ്ടായിരുന്നു.