ഇക്കാനഗറിലെ ഭൂമി അളന്നുതിരിക്കാന്‍ ഉത്തരവിട്ട് ഹൈക്കോടതി ഇടുക്കി : മൂന്നാറിലെ ഇക്കാനഗറില്‍ വൈദ്യുത വകുപ്പ് അവകാശവാദം ഉന്നയിച്ച സര്‍വേ നമ്പര്‍ 843-ലെ ഭൂമി പൂര്‍ണമായും അളന്ന് തിരിക്കാന്‍ ഹൈക്കോടതി ഉത്തരവ്. മൂന്ന് മാസത്തിനുള്ളില്‍ സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് ജില്ല കലക്‌ടര്‍, തഹസിൽദാർ, താലൂക്ക് സർവേയർ എന്നിവരോട് കോടതി നിർദേശിച്ചു. ഇക്കാനഗറിൽ വൈദ്യുത വകുപ്പ് വേലി സ്ഥാപിക്കാനോ നിർമാണ പ്രവർത്തനം നടത്താനോ പാടില്ല. മാത്രമല്ല തല്‍സ്ഥിതി തുടരാനും ഹൈക്കോടതി ഉത്തരവിട്ടു.
ഇക്കാനഗറിലെ 843 എന്ന സര്‍വേ നമ്പറില്‍പ്പെട്ട ഭൂമി വൈദ്യുത വകുപ്പിന്‍റേതാണെന്ന് അവകാശവാദമുയര്‍ന്നതോടെ മേഖലയിലെ പ്രദേശവാസികളായ 41 പേര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് 843 എന്ന സര്‍വേ നമ്പറില്‍പ്പെട്ട ഭൂമിക്കായി സ്വകാര്യ വ്യക്തി പട്ടയ അപേക്ഷ നല്‍കിയപ്പോഴാണ് ഈ ഭൂമി വൈദ്യുത വകുപ്പിന്‍റേതാണെന്ന് കാണിച്ച് ജില്ല കലക്‌ടര്‍ റിപ്പോര്‍ട്ട് നല്‍കിയത്.
സംഭവത്തെ തുടര്‍ന്ന് അപേക്ഷകന്‍ ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ക്ക് അപ്പീല്‍ നല്‍കി. എന്നാല്‍ കമ്മിഷണര്‍ അപ്പീല്‍ തള്ളുകയായിരുന്നു. മാത്രമല്ല മേഖലയിലെ മുഴുവന്‍ ആളുകളെയും ഒഴിപ്പിക്കാന്‍ കമ്മിഷണര്‍ ഉത്തരവിടുകയും ചെയ്‌തു. ഇതിനെതിരെയാണ് 41 കുടുംബങ്ങള്‍ കോടതിയെ സമീപിച്ചത്.
ഒഴിപ്പിക്കൽ നടപടികളുടെ മുന്നോടിയായി 60 കുടുംബങ്ങൾക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ ഹാജരാക്കാനാവശ്യപ്പെട്ട് റവന്യൂ വകുപ്പ് നോട്ടിസ് നൽകിയിരുന്നു. രേഖകളുടെ പരിശോധന ദേവികുളത്ത് നടന്നുവരുന്നതിനിടയിലാണ് ഭൂമി പൂര്‍ണമായും സര്‍വേ നടത്താനുള്ള ഹൈക്കോടതിയുടെ നിര്‍ദേശം.
വര്‍ഷങ്ങളായി ഇക്കാനഗറില്‍ താമസിക്കുന്ന ജനങ്ങളെ കുടിയൊഴിപ്പിക്കുന്ന നടപടിക്കെതിരെ സിപിഐ, സിപിഎം, കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളും പ്രതിഷേധവുമായെത്തിയിട്ടുണ്ട്. അതേസമയം കോടതിയുടെ ഇടപെടലില്‍ പ്രശ്‌നത്തിന് പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇക്കാനഗറിലെ കുടുംബങ്ങള്‍.