ഇടുക്കി: ഹരിത ഫിനാൻസിലൂടെ തട്ടിപ്പിനിരയായവർ നിയമനടപടിക്കൊരുങ്ങുന്നു. നെടുങ്കണ്ടം രാജ്‌കുമാറിന്‍റെ കസ്‌റ്റഡി മരണം നടന്ന് രണ്ട് വർഷം പിന്നിട്ടു. കസ്‌റ്റഡി മർദനത്തിൽ കൊല്ലപ്പെട്ട രാജ് കുമാർ എം.ഡിയായിരുന്ന ഹരിത ഫിനാൻസ് എന്ന സ്വകാര്യ സ്ഥാപനം സ്വാശ്രയ സംഘങ്ങൾക്കും വ്യക്തികൾക്കും ലക്ഷങ്ങൾ വായ്‌പ നൽകാമെന്ന് പറഞ്ഞാണ് തൂക്കുപാലം കേന്ദ്രമാക്കി തട്ടിപ്പ് നടത്തിയത്.
2019 ജനുവരി മുതലാണ് സ്ഥാപനത്തിലെ ജീവനക്കാർ തൂക്കുപാലം പ്രദേശത്ത് നിന്ന് തട്ടിപ്പ് ആരംഭിച്ചത്. സ്ഥാപന ഉടമ രാജ് കുമാർ ആയിരുന്നെങ്കിലും മഞ്ജു, ശാലിനി എന്നീ സ്‌ത്രീകളെ മുൻ നിർത്തിയാണ് തട്ടിപ്പ് നടത്തിയിരുന്നത്.മാസങ്ങൾ പിന്നിട്ടിട്ടും വായ്‌പ തുക തിരിച്ചു നൽകാതായതോടെയാണ് നാട്ടുകാർ ഇവർക്കെതിരെ പരാതിയുമായി എത്തുന്നത്. ജൂൺ 12ന് രാജ് കുമാർ, ശാലിനി, മഞ്ജു എന്നിവരെ പൊലീസിൽ ഏൽപ്പിക്കുകയും ചെയ്‌തു.