ഇടുക്കി: ഏലത്തോട്ടങ്ങളിൽ ജോലിക്കായി തിരികെയെത്തുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ ക്വാറന്‍റൈൻ കൃത്യമായി പാലിക്കുന്നില്ലെന്ന് ആരോപണം. അതിര്‍ത്തി കടന്നെത്തുന്നവർ ഏത് തോട്ടങ്ങളിലേക്കാണ് പോകുന്നതെന്ന വിവരം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെയോ ആരോഗ്യ വകുപ്പിനെയോ അറിയിക്കുന്നില്ലെന്നാണ് ആക്ഷേപം.
തോട്ടങ്ങളിൽ ജോലിക്കെത്തുന്ന അതിഥി തൊഴിലാളികൾ ക്വാറന്‍റൈൻ പാലിക്കുന്നില്ലെന്ന് ആരോപണം
കേരളത്തിലെത്തുന്ന അടുത്ത ദിവസം തന്നെ ഇവർ ജോലിക്കിറങ്ങുന്നത് കൊവിഡ് വ്യാപനത്തിന് കാരണമാകുമെന്നാണ് നാട്ടുകാരുടെ ആശങ്ക
ഉത്തരേന്ത്യന്‍ തൊഴിലാളികളെയും തമിഴ്‌നാട്ടില്‍ നിന്നും ദിവസേന വന്ന് മടങ്ങുന്ന തൊഴിലാളികളെയും ആശ്രയിച്ചാണ് ഇടുക്കിയിലെ തോട്ടം മേഖല നിലനില്‍ക്കുന്നത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് തൊഴിലാളികളുടെ വരവ് നിലച്ചതോടെ കടുത്ത പ്രതിസന്ധിയിലാണ് മേഖല. പല തോട്ടങ്ങളിലും വിളവെടുപ്പ് പോലും പൂര്‍ത്തിയായിട്ടില്ല. നിലവില്‍ ഉത്തരേന്ത്യന്‍ തൊഴിലാളികള്‍ തിരികെ എത്തി തുടങ്ങി. എന്നാല്‍ ഇവർക്ക് ക്വാറന്‍റൈൻ ഏര്‍പ്പെടുത്തി കൊവിഡ് ഇല്ലെന്ന് ഉറപ്പ് വരുത്താന്‍ തോട്ടം ഉടമകള്‍ തയ്യാറാവുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. കഴിഞ്ഞ ദിവസം നെടുങ്കണ്ടം മേഖലയിലെ വിവിധ തോട്ടങ്ങളില്‍ എത്തിയ നൂറോളം ഉത്തരേന്ത്യന്‍ തൊഴിലാളികളില്‍ 20 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ബാക്കിയുള്ളവര്‍ ഏത് തോട്ടങ്ങളിലാണ് ഉള്ളതെന്നും വ്യക്തമല്ല. തൊഴിലാളികൾ കൃത്യമായി ക്വാറന്‍റൈൻ പാലിച്ചില്ലെങ്കിൽ തോട്ടം മേഖലയിൽ കൊവിഡ് വ്യാപനം രൂക്ഷമാകുമെന്നാണ് ആശങ്ക.