ഇടുക്കി : പ്രതിസന്ധിയുടെയും പരാധീനതയുടെയും നടുവിൽ നിന്ന് നാടിന്‍റെ അഭിമാനം വാനോളമുയർത്തി സ്വർണ നേട്ടവുമായി ഉപ്പുതറ വളകോട് പാണാവള്ളിയിൽ ഗോകുൽ ഗോപി. ജർമനിയിൽ നടന്ന സ്പെഷ്യൽ ഒളിമ്പിക്‌സിൽ ബാസ്ക്കറ്റ് ബോൾ മത്സരത്തിലാണ് ഗോകുൽ സ്വർണ്ണനേട്ടം കൈവരിച്ച് മലയോര നാടിന് അഭിമാനമായത്. എന്നാൽ നേട്ടത്തിന് നെറുകയിൽ നിൽക്കുമ്പോഴും അന്തിയുറങ്ങാൻ നല്ലൊരു വീട് എന്ന സ്വപ്‌നം താരത്തിന് ഇപ്പോഴും അന്യമായി തുടരുകയാണ്.
ജർമനിയിൽ ഈ മാസം നടന്ന സ്പെഷ്യൽ ഒളിമ്പിക്‌സിൽ ബാസ്ക്കറ്റ് ബോൾ മത്സരത്തിൽ ഗോകുൽ ഗോപി സ്വർണ മെഡൽ നേടിയാണ് നാടിന്‍റെ അഭിമാനം കാത്തത്. ഉപ്പുതറ പരപ്പ് ചവറഗിരി സ്പെഷ്യൽ സ്‌കൂളിലെ വിദ്യാർഥിയാണ് ഗോകുൽ ഗോപി. തീർത്തും സാധാരണ കുടുംബത്തിലാണ് താരത്തിന്‍റെ ജനനം.
കൂലിപ്പണിക്കാരായ ഗോപിയുടെയും ഇന്ദിരയുടെയും നാല് മക്കളിൽ മൂന്നാമനാണ്. ചവറ ഗിരി സ്പെഷ്യൽ സ്‌കൂൾ ഡയറക്‌ടറായിരുന്ന ഫാക്ലീറ്റസ് ടോം ഇടശേരിയാണ് ഗോകുലിനെ സ്‌കൂളിലെത്തിച്ചത്. സ്‌കൂളിലെ കായിക വിനോദ പരിശീലനത്തിനിടെയാണ് ബാസ്ക്കറ്റ് ബോളിൽ ഗോകുലിന്‍റെ കഴിവ് അധ്യാപകർ തിരിച്ചറിയുന്നത്.
തുടർന്ന് സ്‌കൂൾ അധികൃതരുടെ പിന്തുണയോടെ കഠിന പരിശ്രമം നടത്തി ബാസ്‌ക്കറ്റ് ബോളിൽ ഗോകുൽ മുന്നേറുകയായിരുന്നു. ഭോപ്പാൽ, ഡൽഹി ക്യാമ്പുകളിലെ മികച്ച പ്രകടനം ഗോകുലിനെ ഇന്ത്യൻ ടീമിലേക്ക് എത്തിച്ചു. പിന്നാലെയാണ് ജർമനിയിൽ നടന്ന ലോക സ്പെഷ്യൽ ഒളിമ്പിക്‌സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഗോകുൽ സ്വർണനേട്ടം സ്വന്തമാക്കിയത്.