ഇടുക്കി:വണ്ടൻമേടിനു സമീപം താഴെ വണ്ടൻമേട്ടിൽ വിൽപനക്കെത്തിച്ച നാലേ കാൽ കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിലായി. താഴെ വണ്ടൻമേട്ടിൽ പച്ചക്കറി കട നടത്തുന്ന കമ്പം സ്വദേശിയായ ചുരുളി ചാമി, മുരിക്കാശേരി സ്വദേശി ജോച്ചൻ മൈക്കിൾ എന്നിവരാണ് ഡാൻസാഫ് സംഘവും വണ്ടൻമേട് പൊലീസും ചേർന്നു നടത്തിയ നീക്കത്തിലൂടെ പിടിയിലായത്.
വണ്ടൻമേട്ടിൽ നാലേകാൽ കിലോ കഞ്ചാവ് പിടികൂടി; 2 പേർ പൊലീസ് പിടിയിൽ - kerala news
ഡാൻസാഫ് സംഘത്തിന്‍റെ തന്ത്രപരമായ നീക്കത്തിലൂടെ വിൽപനയ്‌ക്കായി കൊണ്ടുവന്ന 4.250 കി ഗ്രാം കഞ്ചാവ് പിടികൂടി
ചുരുളി ചാമിയ്‌ക്ക് കൈമാറാനായി വാഹനത്തിൽ കഞ്ചാവെത്തിച്ച ആളാണ് ജോച്ചൻ. ചുരുളി ചാമിയുടെ കട കേന്ദ്രീകരിച്ച് ലഹരി വിൽപന സജീവമാണെന്ന രഹസ്യവിവരത്തെ തുടർന്ന് ലഹരി വിരുദ്ധ സ്‌ക്വാഡായ ഡാൻസാഫിന്‍റെ പ്രത്യേക നിരീക്ഷണത്തിലായിരുന്നു ഇയാൾ. മാസങ്ങൾക്കുമുൻപ് ഇയാളുടെ പച്ചക്കറി കടയിൽ നിന്നും ഹാൻസ് ഉൾപ്പെടെയുള്ള നിരോധിത പാൻ ഉൽപന്നങ്ങൾ വണ്ടൻ മേട് പൊലീസ് പിടിച്ചെടുത്തിരുന്നു.
റിസോർട്ടിലേക്ക് ആവശ്യത്തിനെന്ന പേരിൽ നാല് കിലോ കഞ്ചാവ് ആവശ്യപ്പെട്ട് ഡാൻസാഫ് അംഗങ്ങൾ ചുരുളി ചാമിയെ സമീപിക്കുകയായിരുന്നു. തുടർന്ന് ഇയാൾ മേലെ ചിന്നാർ സ്വദേശിയായ ജോച്ചനെ ഫോണിൽ ബന്ധപ്പെട്ടതിനെ തുടർന്ന് ഇയാൾ കഞ്ചാവുമായി എത്തിയപ്പോഴാണ് പൊലീസിന്‍റെ വലയിലായത്. കാറിന്‍റെ ബോണറ്റിൽ ഒളിപ്പിച്ച നിലയിൽ 4.250 കി ഗ്രാം കഞ്ചാവ് പൊലീസ് കണ്ടെടുത്തു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.