ഇടുക്കി :ചിന്നക്കനാൽ, പൂപ്പാറ മേഖലകളിലെ ജനങ്ങള്‍ക്കും കൃഷിയിടങ്ങള്‍ക്കും കാട്ടാന ആക്രമണങ്ങളില്‍ നിന്നും സുരക്ഷ ഒരുക്കാന്‍ പദ്ധതിയുമായി വനം വകുപ്പ്. മതികെട്ടാൻ മുതൽ ആനയിറങ്കൽ വരെയുള്ള ആനത്താരകൾ സോളാർ ഫെൻസിങ് നടത്തി പുനസ്ഥാപിക്കാനാണ് തീരുമാനം. ചിന്നക്കനാലിൽ കഴിഞ്ഞ ദിവസവും കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതിനെ തുടർന്നാണ് പുതിയ പദ്ധതി വേഗത്തിലാക്കാൻ വനംവകുപ്പ് തീരുമാനിച്ചത്.
മതികെട്ടാൻ വന മേഖലയിൽ നിന്നും തോണ്ടിമല, ശങ്കരപാണ്ഡിയൻമെട്ട്, പൂപ്പാറ എന്നിവിടങ്ങളിലൂടെ ആനയിങ്കൽ ഡാമിലേക്കെത്തുന്ന കാട്ടാനകളാണ് പതിവായി ആക്രമണം നടത്തുന്നത്. ചിന്നക്കനാൽ 301 കോളനി രൂപീകരിച്ചതോടെ ഒറ്റപ്പെട്ട 24 കാട്ടാനകളാണിത്. ആനത്താരകൾ അടഞ്ഞതോടെ ദേവികുളം റേഞ്ചിൽ പെട്ട 36 സ്ഥലങ്ങളിൽ കാട്ടാനക്കൂട്ടം റോഡ് മുറിച്ച് കടക്കുന്നുണ്ടെന്ന് വനം വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.
ആനകൾക്ക് അണ്ടർപാസ് :ഇതിന്‍റെ എണ്ണം കുറയ്‌ക്കാൻ മൂന്നാർ മുതൽ ബോഡിമെട്ട് വരെയുള്ള ഭാഗത്ത് നാല് അണ്ടർപാസുകൾ നിർമ്മിക്കും. ദേശീയപാതക്കായി വനഭൂമി വിട്ടുനൽകിയപ്പോൾ ലഭിച്ച ആറു കോടി രൂപ ഇതിനായി ഉപയോഗിക്കും. മതികെട്ടാൻ ഭാഗത്തുനിന്നും എത്തുന്ന ഈ കാട്ടാനകൾക്ക് അണ്ടർപാസിലൂടെ ആനയിറങ്കൽ ജലാശയത്തിലേക്ക് വഴിയൊരുക്കും. ഇതിനായി അൻപത് മീറ്റർ വീതിയിൽ സോളാർ ഫെൻസിങ് നടത്തും.