ഇടുക്കി:പരമ്പരാഗത കാനനപാതയായ ഇടുക്കി സത്രം പുല്ലുമേട് വഴി എത്തുന്ന അയ്യപ്പ ഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി വനം വകുപ്പ്. രണ്ട് വർഷങ്ങൾക്ക് ശേഷമാണ് കാനനപാതയിലൂടെ സന്നിധാനത്തേക്ക് അയ്യപ്പഭക്തർ എത്തുന്നത്. മണ്ഡലകാലം ആരംഭിച്ചത് മുതൽ ആയിരകണക്കിന് ഭക്തരാണ് അയ്യപ്പ ദർശനത്തിനായി ഇതുവഴി കടന്നു പോകുന്നത്.
കാനനപാതയില്‍ ശരണംവിളി, സൗകര്യങ്ങള്‍ ഒരുക്കി വനം വകുപ്പ്
രണ്ട് വർഷങ്ങൾക്ക് ശേഷമാണ് കാനനപാതയിലൂടെ സന്നിധാനത്തേക്ക് അയ്യപ്പഭക്തർ എത്തുന്നത്. കുടിവെള്ള സംവിധാനം, വന്യമൃഗ സാന്നിധ്യമുള്ള പ്രദേശങ്ങളിൽ വനം വകുപ്പിന്‍റെ സ്ക്വാഡ്, സുരക്ഷയ്ക്കായി പൊലീസ് സേനയുടെ സേവനം എന്നിവ ഉറപ്പാക്കിയിട്ടുണ്ട്.
സുരക്ഷ ക്രമീകരണങ്ങൾ സജ്ജം: പ്രളയവും കൊവിഡും മൂലം കഴിഞ്ഞ രണ്ട് വർഷമായി പരമ്പരാഗത കാനന പാതയായ വണ്ടിപ്പെരിയാർ സത്രം കാനനപാതയിലൂടെ തീർഥാടകരെ കടത്തിവിട്ടിരുന്നില്ല. ഇത്തവണ ആവശ്യമായ ക്രമീകരണങ്ങൾ നടത്തി, കാനനപാത ഭക്തർക്കായി തുറന്നു നൽകിയിരുന്നു. വനം വകുപ്പിന്‍റെയും പൊലീസിന്‍റെയും നേതൃത്വത്തിൽ കാനനപാതയിലൂടെ കടന്നുപോവുന്ന അയ്യപ്പ ഭക്തർക്ക് വേണ്ട സുരക്ഷ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
അയ്യപ്പ ഭക്തർ കടന്നുപോകുന്ന കാനനപാതയിൽ വനം വകുപ്പിന്‍റെ നേതൃത്വത്തിൽ അഞ്ച് ഇടങ്ങളിൽ കുടിവെള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. വന്യമൃഗ സാന്നിധ്യമുള്ള പ്രദേശങ്ങളിൽ വനം വകുപ്പിന്‍റെ എലിഫന്‍റ് സ്ക്വാഡിനെയും വിന്യസിച്ചിട്ടുണ്ട്. സത്രം പുല്ലുമേട് ഭാഗങ്ങളിൽ അയ്യപ്പ ഭക്തരുടെ സുരക്ഷയ്ക്കായി പൊലീസ് സേനയുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം തുറന്ന കാനന പാതയിലൂടെയുള്ള തിരക്ക് വർധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.