ഇടുക്കി :ആനച്ചാൽ മേഖലയിലെ ഗ്രാന്‍ഡിസ് തോട്ടം സംസ്ഥാന വനംവകുപ്പ് റിസർവ് വനമായി പ്രഖ്യാപിച്ചതിന് പിന്നിൽ ഗൂഢ ലക്ഷ്യമുണ്ടെന്ന് ആരോപണം. ആനച്ചാൽ ടൗണിനോട് ചേർന്നുള്ള എച്ച്.എൻ.എൽ കമ്പനിയ്ക്ക് പാട്ടത്തിന് നൽകിയിരുന്ന 87 ഹെക്‌ടറിലധികം വരുന്ന തോട്ടമാണ് വനംവകുപ്പ് റിസർവ് വനമായി പ്രഖ്യാപിച്ചത്. പ്രദേശത്ത് അപൂർവയിനം ഔഷധസസ്യങ്ങളും വൃക്ഷങ്ങളും വന്യമൃഗങ്ങളുമുണ്ടെന്നാണ് വനംവകുപ്പ് വിജ്ഞാപനത്തിൽ പറയുന്നത്.
'ആനച്ചാലിലെ ഗ്രാന്‍ഡിസ് തോട്ടം റിസർവ് വനമായി പ്രഖ്യാപിച്ചതിന് പിന്നിൽ ഗൂഢലക്ഷ്യം' ; ആരോപണവുമായി അതിജീവന പോരാട്ടവേദി
വനം വകുപ്പ് വിജ്ഞാപനം ചെയ്‌തിരിക്കുന്ന സര്‍വേ നമ്പറുകളില്‍ കര്‍ഷക ഭൂമി ഉള്‍പ്പെട്ടിട്ടുണ്ടെന്നും സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് ഒരേക്കര്‍ വീതം പതിച്ചുനൽകിയ ഭൂമിയിൽ വനംവകുപ്പ് അധികാരം സ്ഥാപിക്കുന്നതിനുള്ള നീക്കമാണ് നടത്തുന്നതെന്നും ആരോപണം
എന്നാൽ, ഹൈറേഞ്ചിലെ പ്രധാന ടൗണായ ആനച്ചാലിനോട് ചേർന്നുള്ള പ്രദേശത്തെ റിസർവ് വനമായി പ്രഖ്യാപിച്ചതിനെതിരെ നാട്ടുകാരും അതിജീവന പോരാട്ടവേദിയും രംഗത്തെത്തിയിരിക്കുകയാണ്. ടൗണിനും നിരവധിയായ കർഷക കുടുംബങ്ങൾ താമസിക്കുന്നതിനും നടുവിലായുള്ള പ്രദേശത്തെ റിസർവ് വനമാക്കുന്നതിന് പിന്നിൽ മറ്റ് ലക്ഷ്യങ്ങളുണ്ടെന്ന് അതിജീവന പോരാട്ടവേദി പറയുന്നു. വനം വകുപ്പ് വിജ്ഞാപനം ചെയ്‌തിരിക്കുന്ന സര്‍വേ നമ്പറുകളില്‍ കര്‍ഷക ഭൂമി ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇവര്‍ പറയുന്നു.
റിസര്‍വ് വനത്തിന്‍റെ അതിരുകള്‍ പറഞ്ഞിരിക്കുന്നതില്‍ സ്വകാര്യ വ്യക്തികളുടെ കൈവശമിരിക്കുന്ന റവന്യൂ ഭൂമിയെന്നാണുള്ളത്. സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് ഒരേക്കര്‍ വീതം പതിച്ചുനൽകിയ ഭൂമിയാണിത്. ഇവിടെയും വനംവകുപ്പ് അധികാരം സ്ഥാപിക്കുന്നതിനുള്ള നീക്കമാണ് നടത്തുന്നതെന്നാണ് ആരോപണം. ഇതിനെതിരെ പ്രതിഷേധത്തിന് തയാറെടുക്കുകയാണ് പ്രദേശവാസികൾ.