മലയോര കാര്‍ഷികോത്പന്നങ്ങളുടെ വില ഇടിയുന്നു; പ്രതിസന്ധിയിലായി കര്‍ഷകര്‍ - ഇടുക്കി
വളത്തിനുണ്ടായ വില വര്‍ധനവും വിളവെടുപ്പ് കാലങ്ങളിലുണ്ടായ വിലത്തകര്‍ച്ചയും കർഷകർക്ക് തിരിച്ചടിയായി
ഇടുക്കി:മലയോര കര്‍ഷകര്‍ക്ക് ഇത്തവണത്തെ ഓണക്കാലം സമ്മാനിക്കുന്നത് പട്ടിണിയും കടബാധ്യതയും. കഴിഞ്ഞ കാലങ്ങളിലെ കാലാവസ്ഥാ വ്യതിയാനം മലയോര കൃഷിക്ക് നല്‍കിയത് കനത്ത തിരിച്ചടിയാണ്. കാലവർഷം വൈകിയത് ഏലം, കുരുമുളക്, വാഴ, പാവല്‍ തുടങ്ങി എല്ലാ വിളകളെയും ബാധിച്ചു. വളത്തിനുണ്ടായ വില വര്‍ധനവും വിളവെടുപ്പ് കാലങ്ങളിലുണ്ടായ വിലത്തകര്‍ച്ചയും കർഷകർക്ക് തിരിച്ചടിയായി. ഇവ വിപണിയിലെത്തിച്ചാല്‍ മുടക്ക് മുതല്‍ പോലും ലഭിക്കാത്ത അവസ്ഥയാണിപ്പോള്‍. ഏലത്തിനുണ്ടായിരുന്ന റെക്കോഡ് വില ഓണമെത്തിയപ്പോള്‍ ഇടിയുകയാണ്. കിലോക്ക് നാലായിരം രൂപക്ക് മുകളിലുണ്ടായിരുന്ന ഏലത്തിനിപ്പോള്‍ മൂവായിരത്തിന് താഴെയാണ് വില. മലയോര കര്‍ഷകരുടെ പ്രശ്നത്തില്‍ അധികൃതരുടെ ശ്രദ്ധ ഉടനടി വേണമെന്നാണ് കര്‍ഷക സമൂഹം ആവശ്യപ്പെടുന്നത്.