ഇടുക്കി: തമിഴ്‌നാട് ലോബിക്ക് കുറഞ്ഞ വിലയില്‍ ഏലം വാങ്ങുന്നതിനുള്ള സാഹചര്യമാണ് നിലവിലുള്ളതെന്ന് ചെറുകിട- ഇടത്തരം ഏലം കര്‍ഷക അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ജോണ്‍സണ്‍ കൊച്ചുപറമ്പില്‍. ഇരു സംസ്ഥാനങ്ങളിലും കൊവിഡിനോടനുബന്ധിച്ച് രണ്ട് തരത്തിലുള്ള മാനദണ്ഡങ്ങള്‍ നിലനില്‍ക്കുന്നത് ഏലം മേഖലയെ പ്രതിസന്ധിയിലാക്കുന്നു. പഴം, പച്ചക്കറി, പലചരക്ക് മേഖലകളില്‍ ഏര്‍പ്പെടുത്തിയിരുക്കുന്ന ഇളവുകള്‍ ഏലം മേഖലയിലും അനുവദിയ്ക്കണമെന്നും ജോണ്‍സണ്‍ കൊച്ചുപറമ്പില്‍ ആവശ്യപ്പെട്ടു.
ഏലം മേഖലയിലും കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിക്കണമെന്ന് കർഷകർ പുറ്റടിയിലും തമിഴ്‌നാട്ടിലെ ബോഡി നായ്ക്കന്നൂരിലുമായാണ് ഏലം ലേലം നടക്കുന്നത്. പുറ്റടിയില്‍ ലേലത്തില്‍ പങ്കെടുക്കുന്ന തമിഴ് വ്യാപാരികള്‍ക്ക് തിരികെ ചെന്ന് ക്വാറന്‍റൈനില്‍ കഴിയേണ്ട ആവശ്യമില്ല. മറിച്ച് കേരളത്തില്‍ നിന്നും തമിഴ്‌നാട്ടിലെത്തി ലേലത്തില്‍ പങ്കെടുക്കുന്നവര്‍ തിരികെ എത്തി ക്വാറന്‍റൈനില്‍ കഴിയണം. ഇത് മൂലം കേരളത്തിലെ വ്യാപാരികള്‍ക്ക് തമിഴ്‌നാട്ടിലെ ലേലത്തില്‍ പങ്കെടുക്കാനാവുന്നില്ല. ഇത് മൂലം ഏലക്കാ വില ഇടിച്ച് വാങ്ങാനുള്ള സാഹചര്യമാണ് നിലവില്‍ ഉണ്ടായിരിക്കുന്നത്. തൊഴിലാളി ക്ഷാമത്തിനൊപ്പം വിലയിടിവും ഏലം മേഖലയെ വലിയ പ്രതിസന്ധിയിലാക്കുമെന്ന് ജോണ്‍സണ്‍ കൊച്ചുപറമ്പില്‍ പറഞ്ഞു.പഴം, പച്ചക്കറി, പലചരക്ക് തുടങ്ങിയ നിത്യോപയോഗ സാധങ്ങള്‍ എത്തിക്കുന്നതിനായി തമിഴ്‌നാട്ടിലേയ്ക്ക് പോകുന്ന ഡ്രൈവര്‍മാര്‍ക്ക് നിലവില്‍ കേരളത്തില്‍ ക്വാറന്‍റൈന്‍ നിര്‍ബന്ധമല്ല. എന്നാല്‍ ഏലം വ്യാപാരികള്‍ക്ക് മാത്രമായി ക്വാറന്‍റൈന്‍ നിര്‍ബന്ധമാക്കുന്നതില്‍ ഗൂഢാലോചനയുണ്ട്. വന്‍കിട ലോബികളുടെ ഇടപെടല്‍ ഇക്കാര്യത്തില്‍ നടക്കുന്നുണ്ട്. ഏലക്കായുടെ വിളവെടുപ്പ് സീസണില്‍ ഉണ്ടായിരിക്കുന്ന പ്രതിസന്ധി ഉടന്‍ പരിഹരിയ്ക്കണമെന്നാവശ്യപെട്ട് ഇടുക്കി ജില്ലാ ചെറുകിട- ഇടത്തരം ഏലം കര്‍ഷക അസോസിയേഷന്‍ വൈദ്യുതി മന്ത്രി, ജില്ലാ കളക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ പൊലിസ് മേധാവി എന്നിവര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ടെന്നും സംഘടനാ സെക്രട്ടറി ജോണ്‍സണ്‍ കൊച്ചുപറമ്പില്‍ നെടുങ്കണ്ടത്ത് വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.