ഇടുക്കി :പഴമയുടെ പ്രതീകങ്ങളെ പരിചയപ്പെടാന്‍ പുതുതലമുറയ്ക്ക് അവസരമൊരുക്കി ചെമ്മണ്ണാർ സെന്‍റ് സേവ്യേഴ്‌സ് ഹയർസെക്കന്‍ററി സ്‌കൂള്‍. വിദ്യാര്‍ഥികള്‍ക്ക് പഴയ കാലത്തെ കുറിച്ച് പഠിക്കാനായി 'പൈതൃകം 22' എന്ന പേരില്‍ സ്‌കൂളില്‍ പ്രദര്‍ശനം സംഘടിപ്പിച്ചു. പാരമ്പര്യ കരകൗശല വസ്‌തുക്കളുടെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നതുമായിരുന്നു പ്രദര്‍ശനം.
പഴമയിലേക്കൊരു തിരിച്ചുപോക്ക് ; കലപ്പ മുതല്‍ ഗ്രാമഫോണ്‍ വരെ, കൗതുകമായി 'പൈതൃകം 22'
പഴയ കാലഘട്ടത്തെയും കേരള സംസ്‌ക്കാരത്തെയും കുറിച്ച് മനസിലാക്കാനായി ചെമ്മണ്ണാർ സെന്‍റ് സേവ്യേഴ്‌സ് ഹയർസെക്കന്‍ററി സ്‌കൂളില്‍ 'പൈതൃകം 22' എന്ന പേരില്‍ കരകൗശല പ്രദര്‍ശനം സംഘടിപ്പിച്ചു
കൃഷിയ്‌ക്ക് നിലം ഉഴുന്ന കലപ്പ, വീട്ടുപകരണങ്ങള്‍, ശിലായുഗത്തിലെ നന്നങ്ങാടികള്‍ വരെ പ്രദര്‍ശനത്തിലെ കൗതുക കാഴ്‌ചയായി. ഇതിന് പുറമെ കരകൗശല വസ്‌തുക്കൾ, ബോട്ടിൽ ആർട്ട്, പഴയ വാർത്താവിനിമയ ഉപകരണങ്ങൾ, ഗ്രാമഫോൺ, ഇസ്‌തിരിപ്പെട്ടി, കുത്തുവിളക്ക് തുടങ്ങി ഒട്ടനവധി വസ്‌തുക്കള്‍ പഴയക്കാല ഓര്‍മകള്‍ക്ക് തെളിച്ചം കൂട്ടി. സ്‌കൂളില്‍ ഒരുക്കി വച്ച ഓരോ വസ്‌തുക്കളും വിദ്യാര്‍ഥികള്‍ക്ക് കൗതുക കാഴ്‌ചകളായിരുന്നു. പൂര്‍വികരുടെ ജീവിതം, അധ്വാന ശീലം തുടങ്ങിയവയെ കുറിച്ച് കൂടുതല്‍ മനസിലാക്കാന്‍ മേളയിലൂടെ സാധിച്ചുവെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.
സമൃദ്ധവും വൈവിധ്യമേറിയതുമായ കേരളീയ സംസ്കാരത്തെ കുറിച്ച് വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ തിരിച്ചറിയുവാൻ മേളയിലൂടെ കഴിഞ്ഞുവെന്ന് അധ്യാപകര്‍ പറഞ്ഞു. സ്കൂള്‍ പ്രിൻസിപ്പൽ ഡോ.ലാലു തോമസ്, കോർഡിനേറ്റര്‍മാരായ റെനി ജോസഫ്, ജൂബി ജോർജ് എന്നിവരാണ് പ്രദര്‍ശനത്തിന് നേതൃത്വം നൽകിയത്.