ഇടുക്കി : തൊടുപുഴയ്ക്കടുത്ത് കലൂരിൽ വൻ കഞ്ചാവ് വേട്ട. ആന്ധ്രാപ്രദേശിൽ നിന്ന് തൊടുപുഴയ്ക്ക് കൊണ്ടുവന്ന 80 കിലോ കഞ്ചാവ് ലോറിയിൽ നിന്നും പിടികൂടി. സംഭവത്തിൽ അച്ഛനും മകനുമടക്കം നാല് പേർ എക്‌സൈസ് സംഘത്തിന്‍റെ പിടിയിലായി.
കാളിയാർ സ്വദേശി മലയിൽ മുണ്ടയിൽ വീട്ടിൽ തങ്കപ്പൻ, മകൻ അരുൺ തങ്കപ്പൻ, പടിഞ്ഞാറേ കോടിക്കുളം സ്വദേശി നിതിൻ വിജയൻ, വണ്ണപ്പുറം ചീങ്കൽസിറ്റി സ്വദേശി അബിൻസ് എന്നിവരാണ് പിടിയിലായത്. ഓണം സ്‌പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് എക്‌സൈസ് സെൻട്രൽ സോൺ കമ്മിഷണർ സ്ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്‌ഡിലാണ് കഞ്ചാവ് പിടികൂടിയത്.
ആന്ധ്രയിൽ നിന്ന് കൊണ്ടുവന്ന 80 കിലോ കഞ്ചാവ് പിടികൂടി ആന്ധ്രാപ്രദേശിൽ നിന്നും ഒരു കിലോ കഞ്ചാവ് 3000 രൂപയ്ക്ക് വാങ്ങി കേരളത്തിൽ 20,000 മുതൽ 35,000 രൂപ വരെ നിരക്കിലാണ് ഇവർ വിറ്റിരുന്നത്. ആന്ധ്രയിൽ ആഴ്‌ചകളോളം തങ്ങി കഞ്ചാവ് ശേഖരിച്ച് എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലകളിലും ഇടുക്കി ജില്ലയുടെ പല ഭാഗങ്ങളിലും എത്തിച്ച് വിതരണം ചെയ്യുന്നതാണ് ഇവരുടെ രീതി. 1500 കിലോയോളം കൊണ്ടുവന്ന് പലഭാഗത്തും കച്ചവടം നടത്തിയതിന് ശേഷം ബാക്കിവന്ന കഞ്ചാവാണ് എക്‌സൈസ് പിടികൂടിയത്.
സംഘത്തിന് നേതൃത്വം നൽകുന്ന ഇടുക്കി സ്വദേശി നാസർ എന്നയാളെക്കുറിച്ച് എക്സൈസ് സംഘം അന്വേഷണം നടത്തിവരികയാണ്. ഇടനിലക്കാർക്ക് കച്ചവടം ചെയ്യുന്നതിന് വേണ്ടിയാണ് ഇവർ കഞ്ചാവ് കൊണ്ടുവരുന്നതെന്ന് എക്സൈസ് സെൻട്രൽ സോൺ കമ്മിഷണർ സ്ക്വാഡ് സിഐ പി ജുനൈദ് പറഞ്ഞു. ഇവരെക്കുറിച്ചുള്ള കൂടുതൽ അന്വേഷണം നടന്നുവരുന്നതായും പരിശോധന ശക്തമാക്കുമെന്നും അസിസ്റ്റന്‍റ് എക്സൈസ് കമ്മിഷണർ ബി. ടെനിമോൻ പറഞ്ഞു.