കേരളം

kerala

ETV Bharat / state

നെടുങ്കണ്ടത്ത് പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട പോക്‌സോ കേസ് പ്രതി പിടിയില്‍ ; വീഴ്‌ചയില്‍ രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

സ്വന്തം മകളെ പീഡിപ്പിച്ചയാളാണ് തിങ്കളാഴ്‌ച രാത്രി നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടത്

Escaped POCSO accused arrested  പോക്‌സോ കേസ് പ്രതിയെ പിടികൂടി  നെടുങ്കണ്ടം പൊലീസ്  ഇടുക്കി വാര്‍ത്തകള്‍  Idukki news  ക്രൈം വാര്‍ത്തകള്‍  crime news
നെടുങ്കണ്ടം പൊലീസ്

By

Published : Jan 26, 2023, 9:48 PM IST

ഇടുക്കി : നെടുങ്കണ്ടത്ത് പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട പോക്‌സോ കേസ് പ്രതി പിടിയില്‍. വ്യാഴാഴ്‌ച വെളുപ്പിന് രണ്ട് മണിയോടെ ഇയാളുടെ വീടിന് സമീപത്തുനിന്നുമാണ് പിടികൂടിയത്. മജിസ്‌ട്രേറ്റിന് മുൻപാകെ ഹാജരാക്കുന്നതിനിടെ തിങ്കളാഴ്‌ച രാത്രിയാണ് പ്രതി നെടുങ്കണ്ടം പൊലീസിന്‍റെ കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയത്.

സ്വന്തം മകളെ പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതിയാണ് ഇയാള്‍. കോടതി സമയം കഴിഞ്ഞതിനാല്‍, കേസിലെ രണ്ട് പ്രതികളെ നെടുങ്കണ്ടം മജിസ്‌ട്രേറ്റിന്‍റെ വീട്ടില്‍ ഹാജരാക്കുന്നതിനിടെ , ഒന്നാം പ്രതി പൊലീസിനെ വെട്ടിച്ച് മതില്‍ ചാടി കടന്ന് രക്ഷപ്പെട്ടു. നെടുങ്കണ്ടം സിവിൽസ്റ്റേഷന് സമീപത്ത് കാടുപിടിച്ച് കിടന്നിരുന്ന സ്ഥലത്തുകൂടി രക്ഷപ്പെട്ട പ്രതി, കല്ലാർ, പാമ്പാടുംപാറ മേഖലയിലെ ഏല തോട്ടങ്ങളിലേയ്ക് കടക്കുകയായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ, പൊലീസ് തെരച്ചിൽ നടത്തിയെങ്കിലും പിടികൂടാൻ സാധിച്ചില്ല.

ഇന്ന് വെളുപ്പിന് നെടുങ്കണ്ടത്ത് നിന്ന് കിലോമീറ്ററുകൾ അകലെയുള്ള വീടിന്‍റെ പരിസരത്ത് പ്രതി എത്തുകയും പൊലീസിന്‍റെ പിടിയിൽ വീണ്ടും അകപ്പെടുകയുമായിരുന്നു. ഇയാള്‍ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട സംഭവത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്‌തിട്ടുണ്ട്. പ്രതിക്ക് എക്സ്കോർട്ട് പോയ സിവിൽ പോലീസ് ഉദ്യോഗസ്ഥരായ ഷാനു എം വാഹിദ്, ഷമീർ കെ ബി എന്നിവർക്കെതിരെയാണ് നടപടി ഉണ്ടായിട്ടുള്ളത്.

നെടുങ്കണ്ടം പൊലീസ് സ്റ്റേഷൻ എസ് എച്ച് ഒ, സംഭവദിവസം ജി ഡി ചാർജ് വഹിച്ചിരുന്ന ഉദ്യോഗസ്ഥൻ എന്നിവർ ഗുരുതരമായ കൃത്യവിലോപം കാട്ടിയതായും കണ്ടെത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ പേർക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് സൂചന. ഉദ്യോഗസ്ഥരുടെ വീഴ്‌ച ചൂണ്ടിക്കാട്ടി ഇന്‍റലിജൻസും, സ്പെഷ്യൽ ബ്രാഞ്ചും റിപ്പോർട്ട് നൽകിയിട്ടുണ്ട്. സംഭവത്തില്‍, വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിയ്ക്കാന്‍ ഇടുക്കി എസ് പി വി.യു കുര്യാക്കോസ് കട്ടപ്പന ഡിവൈഎസ്‌പിക്ക് നിര്‍ദേശം നല്‍കി.

ABOUT THE AUTHOR

...view details