ഇടുക്കി: മലയോര ജനതയുടെ സ്വപ്‌ന സാക്ഷാത്ക്കാരമായ പട്ടയം നല്‍കുന്നതിന് നടപടി സ്വീകരിച്ച സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്ത് പരിസ്ഥിതി പ്രവര്‍ത്തകൻ കോടതിയിലേക്ക്. ഇത് സംബന്ധിച്ച് പാലക്കാട് സ്വദേശി ടോണി തോമസാണ് അഡ്വ. ഹരീഷ് വാസുദേവന്‍ വഴി വക്കീല്‍ നോട്ടീസ് അയച്ചത്. പട്ടയ നടപടികള്‍ തടസപ്പെടുത്തുന്ന നടപടിക്കെതിരേ മലയോരത്താകെ പ്രതിഷേധം ശക്തമാകുന്നുണ്ട്.
പട്ടയം നല്‍കുന്നതിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകൻ കോടതിയിലേക്ക്; പ്രതിഷേധം ശക്തം എന്ത് വിലകൊടുത്തും ഇതിനെ നേരിടുമെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതി അറിയിച്ചു. ഇടുക്കി ജില്ലയില്‍ ഇനിയും പട്ടയം കിട്ടാന്‍ ബാക്കിയുള്ളവര്‍ക്ക് കൂടി പട്ടയം നല്‍കുന്നതിന് നടപടി സ്വീകരിച്ച് ജൂണ്‍ രണ്ടിനാണ് സര്‍ക്കാര്‍ ഉത്തരവിറങ്ങുന്നത്. ജില്ലയിലെ മലയിഞ്ചി, തട്ടേക്കണ്ണി, കഞ്ഞിക്കുഴി, വാഴത്തോപ്പ് തുടങ്ങിയ പ്രദേശങ്ങളിലും പത്തു ചെയിന്‍ മേഖലയിലും പട്ടയം നല്‍കിയത് ചോദ്യം ചെയ്താണ് പാലക്കാട് സ്വദേശി കോടതി നടപടികളുമായി രംഗത്തെത്തിയിരിക്കുന്നത്.
വന ഭൂമി പതിച്ചു നല്‍കുന്നുവെന്നാരോപിച്ചാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്. ഇതിന്‍റെ ഭാഗമായിട്ടാണ് നിലവില്‍ അഡ്വ. ഹരീഷ് വാസുദേവന്‍ വഴി വക്കീല്‍ നോട്ടീസും അയച്ചിരിക്കുന്നത്. അഡീഷണല്‍ ചീഫ് സെക്രട്ടറി. പ്രിന്‍സിപ്പള്‍ സെക്രട്ടറി, ഫോറസ്റ്റ് പ്രിന്‍സിപ്പള്‍ ചീഫ് കണ്‍സര്‍വേറ്റര്‍, ഇടുക്കി ജില്ലാ കലക്ടര്‍ അടക്കം പത്തു പേര്‍ക്കാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.
ഇത് കപട പരിസ്ഥിതിവാദികളും ചില രാഷ്ട്രീയ നേതാക്കന്മാരും ചേര്‍ന്നുള്ള ഒത്തുകളിയാണെന്നും വിഷയത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നിലപാട് വ്യക്തമാക്കണമെന്നും സമിതി ആവശ്യപ്പെട്ടു. ഇടവേളയ്ക്ക് ശേഷം വീണ്ടും ഇടുക്കിയില്‍ പട്ടയ വിഷയം വിവാദമാകുന്ന അവസ്ഥയാണ്. പല മേലകളിലും കര്‍ഷക കൂട്ടായ്മകളുടെ നേതൃത്വത്തില്‍ ചെറുതും വലുതുമായ പ്രതിഷേധ പരിപാടികളും ആരംഭിച്ചു. തെരഞ്ഞെടുപ്പു സമയത്ത് ഉയര്‍ന്ന് വന്നിരിക്കുന്ന വിവാദം സര്‍ക്കാര്‍ നിയമപരമായി എങ്ങനെ നേരിടുമെന്നതും ഏറെ പ്രാധനമാണ്.