ഇടുക്കി : മനുഷ്യ-വന്യജീവി സംഘര്‍ഷം തടയുന്നതിന് വ്യക്തമായ പഠനം നടത്തി പദ്ധതി തയ്യാറാക്കണമെന്ന ആവശ്യവുമായി പരിസ്ഥിതി പ്രവര്‍ത്തകര്‍. വനത്തിന്‍റെ വ്യാപ്‌തി വര്‍ധിപ്പിച്ച് മനുഷ്യ വന്യജീവി സംഘര്‍ഷം ഇല്ലാതാക്കാന്‍ കഴിയില്ലെന്നും ഇടുക്കിയില്‍ സര്‍ക്കാര്‍ പാട്ടത്തിന് നല്‍കി കരാര്‍ തീര്‍ന്ന ഭൂമികള്‍ തിരിച്ചുപിടിച്ച് ആവാസ വ്യവസ്ഥ വര്‍ധിപ്പിക്കണമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരടക്കം ആവശ്യപ്പെടുന്നത്.
കാട്ടാന ശല്യം രൂക്ഷമായ ചിന്നക്കനാലില്‍ നിന്നും ഏറെ ആക്രമണകാരിയായ അരിക്കൊമ്പനെ പിടിച്ചുമാറ്റിയെങ്കിലും ഇടുക്കി ജില്ലയിലെ മലയോര മേഖലയില്‍ മറ്റ് വന്യ മൃഗങ്ങളുടെ ശല്യം രൂക്ഷമായി തുടരുകയാണ്. കാട്ടാനയ്‌ക്കൊപ്പം കാട്ടുപോത്ത്, പുലി, കടുവ, കാട്ടുപന്നി എന്നിവയും വ്യാപാകമായി ജനവാസ മേഖലയിലേയ്ക്കും കൃഷിയിടങ്ങലിലേയ്ക്കും ഇറങ്ങുന്നുണ്ട്. മൂന്നാര്‍ മാങ്കുളം മേഖലയില്‍ നിരവധി വളര്‍ത്തുമൃഗങ്ങളെയാണ് പുലിയും കടുവയും കൊന്നു തിന്നത്.
ഇതോടൊപ്പം തോട്ടം കാര്‍ഷിക മേഖലയില്‍ കുരങ്ങ് ശല്യവും രൂക്ഷമാണ്. ഇത്തരത്തില്‍ വന്യമൃഗശല്യം വന്‍ തോതില്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ മനുഷ്യ വന്യജീവി സംഘര്‍ഷം ഇല്ലാതാക്കുന്നതിന് സംസ്ഥാന വ്യാപകമായി പഠനം നടത്തി ശാശ്വതമായ പരിഹാര പദ്ധതി തയ്യാറാക്കണമെന്നാണ് ആവശ്യം. ഇതിനായി സര്‍ക്കാര്‍ പാട്ടത്തിന് നല്‍കി കരാര്‍ തീര്‍ന്ന ഭൂമികള്‍ തിരിച്ചുപിടിച്ച് ആവാസ വ്യവസ്ഥ വര്‍ധിപ്പിക്കണമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരടക്കം ആവശ്യപ്പെടുന്നത്.
ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്‍റിന് പാട്ടത്തിന് നല്‍കിയിരിക്കുനത് 750 ഏക്കറിലധികം റവന്യൂ ഭൂമിയായിരുന്നു. ഇതിന്‍റെ പാട്ടക്കരാര്‍ തീര്‍ന്നതുമാണ്. സൂര്യനെല്ലി റിസര്‍വ് ഫോറസ്റ്റ് 200 ഏക്കറിലധികം ഭൂമിയുണ്ട്. ചിന്നക്കനാല്‍, മൂന്നാര്‍, കാന്തല്ലൂര്‍ മേഖലകളില്‍ ഉള്‍പ്പെടെ ഇരുപതിനായിരത്തിലധികം ഏക്കര്‍ സ്ഥലമാണ് ഉള്ളത്. പാട്ടക്കരാര്‍ തീര്‍ന്ന ഭൂമി ഏറ്റെടുത്തുകൊണ്ടും മറ്റ് ഭൂമികള്‍ ഉള്‍പ്പെടുത്തിയും ആവാസവ്യസ്ഥ ഒരുക്കിയാല്‍ നിലവിലെ വന്യജീവികള്‍ക്ക് സ്വതന്ത്രമായി കഴിയുന്നതിനും ജനവാസ മേഖലകളില്‍ നിന്നും ഒഴിവായി നില്‍ക്കുന്നതിനും സാധ്യമാകുമെന്നാണ് പരിസ്ഥിതി പ്രവർത്തകർ പറയുന്നത്.