ഇടുക്കി:കയ്യേറ്റം ഒഴിപ്പിച്ച് സർക്കാർ ഏറ്റെടുത്ത റവന്യൂ ഭൂമിയിൽ വീണ്ടും കയ്യേറ്റ മാഫിയ പിടിമുറുക്കുന്നു. ഇടുക്കി കൊന്നത്തടി വില്ലേജിലെ കരിമലമുകളിൽ റവന്യൂ വകുപ്പ് ഏറ്റെടുത്ത ഭൂമിയാണ് വീണ്ടും കയ്യേറ്റക്കാർ കൈവശപ്പെടുത്താൻ ശ്രമിക്കുന്നത്.
2019ല്‍ കരിമല മുകളിലെ കയ്യേറ്റം സംബന്ധിച്ച വാർത്ത ഈ ടിവി റിപ്പോർട്ട് ചെയ്‌തിരുന്നു. വാർത്തയെ തുടർന്ന് റവന്യൂ വകുപ്പ് വിശദമായ അന്വേഷണം നടത്തി. പിന്നീട് ജില്ലാ കലക്ടർ എച്ച് ദിനേശൻ നേരിട്ട് എത്തിയാണ് സ്ഥലം ഏറ്റെടുത്ത് ബോർഡ് സ്ഥാപിച്ചത്. ഇവിടെയുണ്ടായിരുന്ന അനധികൃതമായി നിർമിച്ച കെട്ടിടം സീൽ ചെയ്ത് വില്ലേജ് ഓഫീസർക്ക് സംരക്ഷണച്ചുമതലയും നൽകിയിരുന്നു. ഇതിന് ശേഷം കയ്യേറ്റക്കാർ കോടതിയെ സമീപിച്ചെങ്കിലും റവന്യൂ വകുപ്പിൻ്റെ നടപടി കോടതി ശരിവച്ചു.
കയ്യേറ്റം ഒഴിപ്പിച്ച് സർക്കാർ ഏറ്റെടുത്ത റവന്യൂ ഭൂമിയിൽ വീണ്ടും മാഫിയ പിടിമുറുക്കുന്നു
2019 കരിമല മുകളിലെ കൈയേറ്റം സംബന്ധിച്ച വാർത്ത ഈ ടിവി റിപ്പോർട്ട് ചെയ്‌തിരുന്നു. വാർത്തയെ തുടർന്ന് റവന്യൂ വകുപ്പ് വിശദമായ അന്വേഷണം നടത്തിയിരുന്നു.
എന്നാൽ സ്ഥലം ഏറ്റെടുത്ത് ഒരു വർഷം പിന്നിട്ടതോടെ കയ്യേറ്റ മാഫിയ വീണ്ടും ഇവിടെ പിടിമുറുക്കാൻ ഉള്ള ശ്രമം ആരംഭിച്ചു. സർക്കാർ വക ഭൂമി എന്ന ബോർഡ് സ്ഥാപിച്ചിരുന്നത് നശിപ്പിക്കപ്പെട്ടതോടെയാണ് കയ്യേറ്റ മാഫിയയുടെ കടന്നുകയറ്റം . ഇതിനെതിരേ റവന്യൂ വകുപ്പും നടപടി കടുപ്പിച്ചു. സർവ്വേ നടപടികൾ പൂർത്തിയാക്കി ഭൂമിയുടെ സംരക്ഷണ ചുമതല മറ്റേതെങ്കിലും വകുപ്പിന് കൈമാറാനുള്ള നടപടികളാണ് ഇപ്പോൾ നടന്നുവരുന്നത്.
കയ്യേറ്റ മാഫിയക്കെതിരെ കർശന നടപടികളുമായി പോകുന്ന റവന്യൂ ഉദ്യോഗസ്ഥർക്കെതിരെ ഭീഷണി ഉയർത്തുകയും സ്ഥലം മാറ്റാൻ വേണ്ടിയുള്ള പരിശ്രമം നടത്തുന്നതായും ഉദ്യോഗസ്ഥർ ആരോപിക്കുന്നു. സർക്കാർ ഭൂമിയിൽ അതിക്രമിച്ച് കയറിയതിനും ബോർഡ് നശിപ്പിക്കുകയും ചെയ്തതിനെതിരെ വില്ലേജ് ഓഫീസർ വെള്ളത്തൂവൽ പൊലീസിൽ പരാതി നൽകി. വരും ദിവസങ്ങളിലും സർക്കാർ ഭൂമി സംരക്ഷിക്കുവാനുള്ള കർശന നടപടികളുമായി മുന്നോട്ട് പോകുമെന്നാണ് റവന്യൂ വകുപ്പിൻ്റെ നിലപാട്.