ഇടുക്കി: കാട്ടാന കൂട്ടത്തിനൊപ്പം ഒരു സെൽഫി എടുക്കണോ, കുട്ടികുറുമ്പൻമാരുടെ കുസൃതി മതിവരുവോളം ആസ്വാദിക്കണോ, എങ്കിൽ ഇടുക്കിയിലെ മാങ്കുളത്തെ ആനകുളത്തെക്ക് വരിക. കോടമഞ്ഞിന്‍റെ കുളിരും കാടിന്‍റെ വന്യതയും കാട്ടാന കൂട്ടത്തിന്‍റെ ചിന്നം വിളിയും സമ്മാനിക്കുന്നത് മറക്കാനാകാത്ത അനുഭവം.
ആനക്കുളം, പേരു പോലെ തന്നെ ആനകളുടെ വിഹാരകേന്ദ്രം പേര് സൂചിപ്പിക്കുംപോലെ കാട്ടാനകൾ നീരാടാൻ എത്തുന്നത് കൊണ്ടാണ് ഇവിടം ആനകുളം എന്ന് അറിയപ്പെടുന്നത്. വേനൽ കനക്കുന്നതോടെയാണ് ആനകുളത്തിന്‍റെ ആനച്ചന്തം പൂർണമാകുന്നത്. സായാഹ്നങ്ങളിൽ കാട്ടരുവിയിലൂടെ ഒഴുകിയെത്തുന്ന വെള്ളം കുടിക്കാൻ എത്തുന്ന കാട്ടാനക്കൂട്ടങ്ങൾ ആനകുളംക്കാർക്ക് പുതുമയുള്ളതല്ലെങ്കിലും സഞ്ചാരികൾക്ക് നവ്യാനുഭവമാണ്.
വെള്ളം കുടിയ്‌ക്കാനെത്തിയ കുട്ടിയാന മാങ്കുളം ഫോറസ്റ്റ് ഡിവിഷന്‍റെയും മലയാറ്റൂർ വനമേഖലയുടെയും അതിർത്തി പ്രദേശമാണ് ആനകുളം. മലയാറ്റൂർ ഫോറസ്‌റ്റ് ഡിവിഷനിലുള്ള കാട്ടാന കൂട്ടങ്ങളാണ് ആനക്കുളത്തെ അരുവിയിൽ എത്തുന്നത്. ഈറ്റചോല എന്ന് അറിയപ്പെടുന്ന അരുവിയിൽ ആനകുളം ഭാഗത്തെ വെള്ളത്തിന് ഉപ്പുരസം ഉള്ളതിനാലാണ് കാട്ടാനകൾ കൂട്ടമായി വെള്ളം കുടിക്കാനായി ഇവിടെക്കെത്തുന്നത്.
വെള്ളം തേടി കാട്ടാനകൾ വന്നുതുടങ്ങിയിട്ട് പതിറ്റാണ്ടുകളായി ഒരു കൂട്ടത്തിൽ കുഞ്ഞുങ്ങൾ ഉൾപ്പെടെ അഞ്ച് മുതൽ പതിനഞ്ചോളം ഗജവീരന്മാർ വരെ ഉണ്ടാകും. സായാഹ്നങ്ങളിൽ എത്തുന്ന കാട്ടാനക്കൂട്ടങ്ങൾ അരുവിയിൽ നീരാടിയും വെള്ളം കുടിച്ചും മതിവരുവോളം ഉല്ലസിച്ച ശേഷം രാത്രിയിലാണ് മടങ്ങുന്നത്. ഇന്ന് എത്തിയ കാട്ടാനക്കൂട്ടം ദിവസങ്ങൾ കഴിഞ്ഞ ശേഷമാണ് വീണ്ടും തിരികെ വരുന്നത്. ഓരോ ദിവസവും ഓരോ കാട്ടാന കുടുംബമാണ് നീരാടുവാൻ എത്തുന്നത്.
ALSO READ:ആന പാപ്പാനെ കുത്തിക്കൊന്നു
നിശബ്‌ദമായി ഒഴുകുന്ന അരുവിയാണ് ആനക്കുളത്ത് കാടിനെയും നാടിനെയും തമ്മില്‍ വേര്‍തിരിക്കുന്നത്. അരുവിയുടെ തീരത്തുകൂടി കടന്നു പോകുന്ന നാട്ടുവഴിയില്‍ നിന്നാല്‍ ആനക്കുളത്തെ കാഴ്ചകള്‍ ആസ്വദിക്കാം. സ്ത്രീകളും കുട്ടികളും വിദേശിയരും വരെ ആനക്കുളത്തെത്തി ആനകളെ കണ്ട് മടങ്ങുന്നു.
സമീപത്തെ ചെറിയ ചില കടകള്‍ രാത്രിയിലും തുറന്നു പ്രവര്‍ത്തിക്കും. സുരക്ഷയ്ക്കായി വനപാലകരുടെ നിരീക്ഷണവും രാത്രികാലത്തിവിടെയുണ്ട്. അടുത്ത മഴക്കാലമാകും വരെ ആനകളിങ്ങനെ ആനക്കുളത്തെ സജീവമാക്കി നിര്‍ത്തും.