ഇടുക്കി: ജില്ലയിലെ വിവിധ ജനവാസ മേഖലകളിലെത്തി ആക്രമണം നടത്തുന്ന അരിക്കൊമ്പനെ പിടികൂടാന്‍ കുങ്കിയാനയെ എത്തിച്ചു. മയക്ക് വെടിവച്ച് അബോധാവസ്ഥയിലാക്കി കുങ്കിയാനയുടെ സഹായത്തോടെ ലോറിയില്‍ കയറ്റാനാണ് വനം വകുപ്പിന്‍റെ നീക്കം. വയനാട്ടിലെ മുത്തങ്ങയില്‍ നിന്ന് വിക്രം എന്ന കുങ്കിയാനയെയാണ് ജില്ലയില്‍ എത്തിച്ചത്.
അരിക്കൊമ്പനെ പിടികൂടാന്‍ അടുത്ത ദിവസങ്ങളിലായി മൂന്ന് കുങ്കിയാനകളെ കൂടി എത്തിക്കും. ഇന്നലെ രാത്രി വയനാട്ടില്‍ നിന്ന് വിക്രത്തിനെ കൊണ്ട് യാത്ര തിരിച്ച ലോറി 13 മണിക്കൂര്‍ തുടര്‍ച്ചയായി യാത്ര ചെയ്‌താണ് ഇന്ന് രാവിലെ എട്ട് മണിക്കാണ് ചിന്നക്കനാലില്‍ എത്തിച്ചത്. ഇനി ദൗത്യം ആരംഭിക്കുന്നത് വരെ വിക്രം വിശ്രമത്തിലായിരിക്കും.
കുങ്കിയാനകളായ കുഞ്ചു, സൂര്യൻ, സുരേന്ദ്രൻ എന്നിവയെ അടുത്ത ദിവസം ചിന്നക്കനാലില്‍ എത്തിക്കും. മറ്റ് കുങ്കിയാനകള്‍ കൂടി എത്തുന്നത് വരെ വിക്രം വിശ്രമത്തിലായിരിക്കും. ഇനിയും എത്തിക്കാനുള്ള കുങ്കിയാനകള്‍ കൂടി ചിന്നക്കനാലില്‍ എത്തിയതിന് ശേഷമാകും ഡോക്‌ടര്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം ആരംഭിക്കുക.
വീക്‌നസ് കെണിയാക്കി വനം വകുപ്പ്:അരിയ്‌ക്കായി റേഷന്‍ കടകളും വീടുകളും തകര്‍ക്കുന്ന അരിക്കൊമ്പനെ വലയിലാക്കാന്‍ റേഷന്‍ കട കൊണ്ട് തന്നെ കെണിയൊരുക്കിയിരിക്കുകയാണ് അധികൃതര്‍. ചിന്നക്കനാല്‍ സിമന്‍റ് പാലത്തിന് സമീപം താത്‌കാലിക റേഷന്‍ കടയൊരുക്കി അവിടേക്ക് അരിക്കൊമ്പനെ ആകര്‍ഷിപ്പിച്ച് മയക്ക് വെടി വയ്‌ക്കാനാണ് വനം വകുപ്പിന്‍റെ നീക്കം. ഇടുക്കിയിലെ ശാന്തന്‍പാറ, ചിന്നക്കനാല്‍, പന്നിയാര്‍ എസ്‌റ്റേറ്റ് എന്നിവിടങ്ങളിലാണ് അരിക്കൊമ്പന്‍റെ ആക്രമണം രൂക്ഷമായിരിക്കുന്നത്. വീടുകളും റേഷന്‍ കടകളും തകര്‍ത്ത് പഞ്ചസാരയും അരിയും ധാരാളം ഭക്ഷിക്കുന്നത് കൊണ്ടാണ് അരിക്കൊമ്പനെന്ന പേര് ലഭിച്ചത്.